മേപ്പാടി: മുണ്ടക്കൈയിലെ ദുരന്തബാധിത മേഖലയിൽ ഇന്നലെ നടന്ന ജനകീയ തിരച്ചിലിൽ നാട്ടുകാരും വിവിധ പാർട്ടികളിലെയും യുവജനസംഘടനകളിലെയും പ്രവർത്തകരും സർക്കാർ പ്രതിനിധികളുമടക്കം പങ്കുചേർന്നു. ഇതിനിടെ തിരച്ചിലിനിടെയുള്ള ചില നിമിഷങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ റഫീക്ക്, അരുൺ എംഎൽഎ, രാജ എംഎൽഎ എന്നിവരടക്കം ഒരുമിച്ച് രക്ഷാപ്രവർത്തനത്തെ കുറിച്ച് ചർച്ച ചെയ്യുന്നതാണ് വീഡിയോ.
മന്ത്രി റിയാസ് വീഡിയോയ്ക്ക് ഒപ്പം കുറിച്ച വരികൾ; ‘ജനകീയ തിരച്ചിൽ പുരോഗമിക്കുകയാണ്.ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, റഫീക്ക്, അരുൺ എംഎൽഎ, രാജ എംഎൽഎ എന്നിവരടക്കം എല്ലാ യുവജന സംഘടനകളും സന്നദ്ധ സംഘടനകളും പ്രാദേശിക ജനപ്രതിനിധികളും ദുരിതാശ്വാസ ക്യാമ്പ് അംഗങ്ങളും ഒറ്റ ശരീരവും മനസ്സുമായി ജനകീയ തിരച്ചിലിൽ പങ്ക് കൊള്ളുന്നത് ഇന്ന് നേരിൽ കണ്ടു’.