മുംബൈ: ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ ടെർമിനൽ ഒന്ന് നവീകരണത്തിനായി അടച്ചിടും. 20 ദശലക്ഷം അധിക യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം.
നവീകരണം നടക്കുന്ന സാഹചര്യത്തിൽ ടെർമിനൽ- 2, പുതുതായി നിർമ്മിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം എന്നിവ യാത്രക്കാർക്ക് പ്രയോജനപ്പെടുത്താം. ഔദ്യോഗിക പ്രസ്താവന പ്രകാരം, 2025 നവംബറിൽ ഘട്ടം ഘട്ടമായി പദ്ധതി ആരംഭിക്കും. പ്രാരംഭ ഘട്ടത്തിൽ നിലവിലെ ഘടന പൊളിച്ച് പുതിയ ടെർമിനൽ നിർമ്മിക്കും. ടെർമിനൽ 1-ൻറെ നവീകരണം 2029-ഓടെ പൂർത്തിയാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.നവിമുംബൈ വിമാനത്താവളം തുറക്കുന്നതോടെ, മുംബൈയിൽ നിന്ന് വിമാനടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് മുംബൈ (BOM), നവിമുംബൈ (NMI) എന്നീ രണ്ട് ഓപ്ഷനുകൾ ലഭിക്കും. അതിനാൽ, കണക്‌ഷൻ ഫ്ലൈറ്റുകളുടെ ക്രമീകരണങ്ങൾ അടക്കമുള്ള കാര്യങ്ങൾ വിമാനക്കമ്പനികൾക്ക് ശ്രമകരമായ ജോലിയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.