തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനില്‍ ജീവനക്കാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. തൊഴിലാളി യൂണിയനുകളായ സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്തമായാണ് സമരം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മേഖലാ യൂണിയനില്‍ ഡെപ്യൂട്ടേഷനില്‍ എംഡിയായിരുന്ന പി മുരളിക്ക് പുനര്‍നിയമനം നല്‍കുന്നതിനെതിരെയാണ് സമരം. മലബാര്‍ മേഖല യൂണിയന് എംഡിയായിരിക്കെ തിരുവനന്തപുരം യൂണിയനില്‍ എംഡിയായിരുന്നു ഡോ. പി മുരളി. രാവിലെ 6 മണി മുതല്‍ സമരം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പാല് വിതരണം തടസ്സപ്പെട്ടേക്കും. എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള തൊഴിലാളികള്‍ പണി മുടക്കുന്നതിനാല്‍ വാഹനങ്ങളിലേക്ക് പാലും പാല് ഉല്പന്നങ്ങളും കയറ്റില്ല. സമരം ചെയ്യുന്ന തൊഴിലാളികളുടെ നേത്വത്തില്‍ പ്ലാന്റുകളില്‍ പ്രതിഷേധവും സംഘടിപ്പിക്കും. മില്‍മയിലെ വിരമിക്കല്‍ പ്രായം 58 ആയിരിക്കെ കഴിഞ്ഞ മാസം വിരമിച്ച പി മുരളിയെ വീണ്ടും എംഡിയാക്കാന്‍ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതിന് പിന്നാലെയാണ് സമരം ശക്തമാകുന്നത്.