കൊല്ലം: കരുനാഗപ്പള്ളിയിൽ മിനി ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന വിദ്യാർത്ഥി മരിച്ചു. തേവലക്കര സ്വദേശി അൽത്താഫ് (18) ആണ് മരിച്ചത്. ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതരമായി പരിക്കേറ്റു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. കരുനാഗപ്പള്ളി ഐഎച്ച്ആർഡി കോളേജിലെ വിദ്യാർത്ഥിയാണ് അൽത്താഫ്.
കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് നാല് റോഡുകൾ ചേരുന്ന ജംഗ്ഷനിലാണ് അപകടമുണ്ടായത്. അൽത്താഫും സുഹൃത്തും സഞ്ചരിച്ച ബൈക്കിനെ മിനി ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അശ്രദ്ധയും മിനി ലോറിയുടെ അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.