യുഎഇ, മിഡില്‍ ഈസ്റ്റ്, വടക്കൻ ആഫ്രിക്ക എന്നിവ ഉൾപ്പെടുന്ന മേന മേഖലയിലെ ഏറ്റവും മികച്ച സാംസ്കാരിക പദ്ധതിക്കുള്ള പുരസ്കാരം നേടി അബുദാബിയിലെ ബാപ്‌സ് ഹിന്ദുക്ഷേത്രം (ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്ത ഹിന്ദു ക്ഷേത്രം). മികച്ച വാസ്തുവിദ്യാ, സാംസ്കാരിക പ്രാധാന്യം, സാമൂഹിക സ്വാധീനം എന്നിവ വിലയിരുത്തിയാണ് ഈ അംഗീകാരം. മിഡിൽ ഈസ്റ്റ് ഇക്കണോമിക് ഡൈജസ്റ്റ് (MEED) ആണ് ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്. ഈ മേഖലയിലെ മികച്ച 40 നോമിനേഷനുകളിൽ നിന്നാണ് ബാപ്സ് ഹിന്ദു ക്ഷേത്രം തെരഞ്ഞെടുത്തത്.
ഈ വർഷം ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബാപ്‌സ് ഹിന്ദുക്ഷേത്രം ഉദ്ഘാടനം ചെയ്തത്. മാർച്ച് ഒന്നു മുതലാണ് ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഒരു മാസത്തിനുള്ളിൽ തന്നെ 3.5 ലക്ഷത്തിലധികം ഭക്തർ ക്ഷേത്രം സന്ദർശിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019 ലായിരുന്നു ക്ഷേത്രത്തിൻ്റെ നിർമ്മാണം ആരംഭിച്ചത്.ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അബുദാബി സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് 2019ലാണ് നിർമാണം ആരംഭിച്ചത്. പിങ്ക് മണൽക്കല്ലും വെള്ള മാർബിളുമാണ് നിർമാണത്തിനുപയോഗിച്ചത്.
ക്ഷേത്രത്തിന് ഏഴ് ശ്രീകോവിലുകളാണ് ഉള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ആരാധിക്കുന്ന ദേവതകളാണ് പ്രതിഷ്ഠ. അയ്യപ്പൻ, തിരുപ്പതി ബാലാജി, പുരി ജഗന്നാഥൻ, ശ്രീകൃഷ്ണനും രാധയും, ഹനുമാൻ, പരമശിവനും പാർവതിയും, ഗണപതി, മുരുകൻ, ശ്രീരാമനും സീതയും എന്നീ പ്രതിഷ്ഠകളാണ് ക്ഷേത്രത്തിൽ ഉള്ളത്. എട്ടു പ്രതിഷ്ഠകൾ ക്ഷേത്ര കവാടത്തിലാണ്, ഇവ സനാധന ധർമത്തിന്റെ എട്ട് മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു.ഏഴ് എമിറേറ്റുകളെ പ്രതിനിധാനംചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം. 108 അടി ഉയരവും 262 അടി നീളവും 180 അടി വീതിയുമാണ് ക്ഷേത്രത്തിനുള്ളത്. 1000 വർഷം കേടുപാടുകളില്ലാതെ നിലനിൽക്കുമെന്നതാണ് പ്രത്യേകത. അബുദാബിയിൽനിന്ന് 50.9 കിലോമീറ്റർ, ദുബായിൽനിന്ന് 93 കിലോമീറ്റർ, ഷാർജയിൽനിന്ന് 118.5 കിലോമീറ്റർ എന്നിങ്ങനെയാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം