മാവേലിക്കര: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലിത്തയും പുനരൈക്യ ശില്‌പിയുമായ ധന്യൻ മാർ ഈവാനിയോസ് തിരുമേനിയുടെ 71-ാ മത് – ഓർമപെരുന്നാളിന് മുന്നോടിയായി ജന്മഗൃഹത്തിൽ നിന്നു തിരുവനന്തപുരം പട്ടത്തെ കബറിടത്തിലേക്കുള്ള തീർഥാടനപദയാത്രയ്ക്ക് ഇന്ന് തുടക്കം. മാർ ഈവാനിയോസ് തിരുമേനിയുടെ ജന്മഗൃഹമായ മാവേലിക്കര പുതിയകാവ് പണിക്കരു വീട്ടിൽ നിന്നുമാണ് ഇന്ന് രാവിലെ എം സി വൈ എം മാവേലിക്കര ഭദ്രാസന സമിതിയുടെ ആഭിമുഖ്യത്തിൽ തീർഥാടന പദയാത്ര ആരംഭിക്കുന്നത്. രാവിലെ 06.30 ന് മാതൃ ഇടവകയായ പുതിയകാവ് സെൻറ് ജോസഫ് ദേവാലയത്തിൽ മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ സമൂഹ ബലി അർപ്പിക്കും. തുടർന്ന്, ധന്യൻ മാർ ഇവാനിയോസ് തിരുമേനിയുടെ ജന്മഗൃഹത്തിൽ ധൂപ പ്രാർഥന, തുടർന്ന്, ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത തീർത്ഥാടന പദയാത്ര ഉദ്‌ഘാടനം ചെയ്യും.
കറ്റാനം, കടമ്പനാട് വഴി കൊല്ലം വൈദിക ജില്ലയുടെ പദയാത്ര സംഘത്തോടൊപ്പം ചേർന്ന് പുത്തൂർ കുണ്ടറ , കല്ലുവാതുക്കൽ , ആറ്റിങ്ങൽ വഴി ദേശീയ പാതയിലൂടെ വിവിധ ഇടവകകൾ സന്ദർശിച്ച് 14 ന് പദയാത്ര പട്ടം സെന്റ് മേരീസ് കത്തീഡ്ര ലിൽ എത്തിച്ചേരും. ഭദ്രാസന വികാരി ജനറൽ മോൺ ഡോ.സ്റ്റീഫൻ കുളത്തുംകരോട്ട്, ജില്ലാവികാരി ഫാ. ജോബ് കല്ലുവിളയിൽ, ഇടവക വികാരി പുത്തൻവീട്ടിൽ യൂഹാനോൻ റമ്പാൻ , ഭദ്രാസന യുവജന ഡയറക്ടർ ഫാ. ജോൺ അയണുവേലിൽ, പ്രസിഡന്‍റ് റോഷൻ വർഗീസ് , ജനറൽ സെക്രട്ടറി ജോബിൻ ജോൺ, ട്രഷറർ ആൽവിൻ ഇമ്മാനുവേൽ എന്നിവർ നേതൃത്വം നൽകും .