Tuesday, October 28, 2025
No menu items!
Homeവാർത്തകൾമാലിന്യ കേന്ദ്രങ്ങളില്‍ ആരാമ സുഗന്ധം: ഉഴവൂര്‍ ബ്ലോക്കിന് അംഗീകാര പെരുമ

മാലിന്യ കേന്ദ്രങ്ങളില്‍ ആരാമ സുഗന്ധം: ഉഴവൂര്‍ ബ്ലോക്കിന് അംഗീകാര പെരുമ

കുറവിലങ്ങാട്: മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ഭാഗമായ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്. തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന ‘വൃത്തി 2025 – ദി ക്ലീന്‍ കേരളാ കോണ്‍ക്ലേവ്’ പരിപാടിയിലാണ് മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് പ്രഖ്യാപിച്ചത്. ഉഴവൂര്‍ ബ്ലോക്ക് പരിധിയിലെ 8 ഗ്രാമ പഞ്ചായത്തുകളിലും വാര്‍ഷിക പദ്ധതി ഫണ്ട്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഫണ്ട്, സി.എസ്.ആര്‍ ഫണ്ട്, സന്നദ്ധ സേവനം എന്നിവ സംയോജിപ്പിച്ച് പ്രാദേശിക സഹകരണം വഴി തുടര്‍ പരിപാലനവും പ്രവര്‍ത്തനങ്ങളും ഉറപ്പാക്കി നിലനില്‍ക്കുന്ന മാതൃകകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.
കാണക്കാരി വെമ്പള്ളിയില്‍ എം.സി. റോഡിനോട് ചേര്‍ന്ന് സ്ഥിരമായി കക്കൂസ് മാലിന്യം ഉള്‍പ്പെടെ നിക്ഷേപിക്കപ്പെട്ടിരുന്ന വഴിയോരം പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയോടെ നവീകരിച്ച് ആരാമം എന്ന് പേരില്‍ മനോഹര ഉദ്യാനമാക്കുന്നതും ഇതിലേക്ക് കോര്‍പ്പറേറ്റ് കമ്പനികളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് (സി.എസ്.ആര്‍) ആയി 3 ലക്ഷം സമാഹരിച്ചതും സവിശേഷതയായി, രാത്രികാലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായതോടെ ഉറക്കം ഇളച്ച് കാവല്‍ നിന്ന പ്രദേശവാസികള്‍ ആവേശപൂര്‍വ്വം പരിപാലനം ഏറ്റെടുക്കുകയാണ് ഉണ്ടായത്.

എം. സി. റോഡ് സൌന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ഉഴവൂര്‍ ബ്ലോക്ക് പരിധിയിലെ അഞ്ച് ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്ന് പോകുന്ന അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി ഹരിതാഭമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വെളിയന്നൂര്‍, ഉഴവൂര്‍ മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കാണക്കാരി ഗ്രാമപഞ്ചായത്തുകളുടെയും ഹരിത കേരളം മിഷന്‍,ശുചിത്വ മിഷന്‍ എന്നിവയുടെയും പങ്കാളിത്തത്തോടെയും കോര്‍പ്പറേറ്റ് സി.എസ്. ആര്‍. ഫണ്ട് മുഖേന നടപ്പാക്കി വരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് എം.സി. റോഡ് ഹരിതാഭമാക്കുകയും തുടര്‍ പരിപാലനം പ്രാദേശിക തലത്തില്‍ റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായി സമിതികള്‍, വിദ്യാര്‍ത്ഥികള്‍, ക്ലബുകള്‍, ലൈബ്രറികള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍ തുടങ്ങിയവര്‍ മുഖേന നിര്‍വ്വഹിക്കുകയുമാണ് ചെയ്യുന്നത്.

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം വിവിധ ജലസ്രോതസ്സുകളുടെ പുന:രുദ്ധാരണത്തിന് 80,70,766/- രൂപ ചെലവഴിച്ചു. നൂറിലധികം നീര്‍ച്ചാലുകള്‍ ചെളിയും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് വര്‍ദ്ധിപ്പിച്ച് പുന:രുദ്ധാരണം സാദ്ധ്യമാക്കി. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനകള്‍ക്ക് താല്‍ക്കാലികമായി സംഭരിക്കുന്നതിനായി 118 വാര്‍ഡുകളിലും മിനി എം.സി.എഫുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗാര്‍ഹിക ജൈവമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനായി കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ ആയിരത്തിലധികം കമ്പോസ്റ്റ് പിറ്റുകളും, ആയിരത്തിമുന്നൂറിലധികം സോക്ക് പിറ്റുകളും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ പൂര്‍ത്തീകരിക്കുവാന്‍ സാധിച്ചു.

ബ്ലോക്ക് ആസ്ഥാനത്ത് തന്നെയുള്ള ആര്‍.ആര്‍.എഫില്‍ ഓരോ 8 മണിക്കൂറിലും 1.35 ടണ്‍ പുനരുപയോഗയോഗ്യമായതും 2 ടണ്‍ ലെഗസി മാലിന്യങ്ങളും കൈകാര്യം ചെയ്തു വരുന്നതാണ്.
2024 – 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വെളിയന്നൂര്‍ സ്റ്റേഡിയത്തിലും, കൊണ്ടാട് വനിതാ വികസന കേന്ദ്രത്തിലും ചിറയില്‍കുളം ഹാപ്പിനസ് പാര്‍ക്കിലും ടോയ് ലറ്റ് സമുച്ചയവും രാമപുരം സി.എച്ച്.സി. യിലും ഉഴവൂര്‍ കെ.ആര്‍. എന്‍.എം.എസ്. ആശുപത്രിയിലും ബയോമെഡിക്കല്‍ വെയ്സ്റ്റ് മാനേജ്മെന്റ് സൌകര്യവും മോനിപ്പള്ളി ടേക്ക് എ ബ്രേക്ക് നിര്‍മ്മാണത്തിന് ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന് വിഹിതം, മാഞ്ഞൂര്‍ സെന്റ്. സേവ്യേഴ്സ് സ്കൂളിന് കഞ്ഞിപ്പുര നിര്‍മ്മാണവും ശുചിത്വ അനുബന്ധ പ്രവര്‍ത്തനങ്ങളും ഉഴവൂര്‍ പഞ്ചായത്തിലെ നെല്ലാമറ്റം വഴിയോര വിശ്രമ കേന്ദ്രം നിര്‍മ്മാണം, കളത്തൂര്‍ ഗവ. യു.പി. സ്കൂളിന് ഓട നിര്‍മ്മാണം, ഉഴവൂര്‍ കെ.ആര്‍. എന്‍.എം.എസ്. ആശുപത്രിയില്‍ ഇന്‍സിനറേറ്റര്‍ നവീകരണം, കണ്ണോത്തുകുളം ശുചീകരണവും, ടോയ് ലറ്റ് സമുച്ചയവും കാണക്കാരി സമന്വയ മള്‍ട്ടി സെന്‍സറി പാര്‍ക്കില്‍ ഭിന്നശേഷി സൌഹൃദ ടോയ് ലറ്റ് നിര്‍മ്മാണം എന്നിങ്ങനെയുള്ള വിവിധ പദ്ധതികള്‍ക്ക് പുറമെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ പ്രത്യേക പ്രവര്‍ത്തനങ്ങളും ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്തു നടപ്പാക്കിയതും അവാര്‍ഡിന് പരിഗണിച്ചു.
കൂടാതെ ബ്ലോക്ക് പരിധിയിലെ എല്ലാ വിദ്യാലയങ്ങളും, കലാലയങ്ങളും, ഇതര സ്ഥാപനങ്ങളും, അയല്‍ക്കൂട്ടങ്ങളും ഹരിത പദവി സ്വന്തമാക്കി. ജൈവ അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഹരിത കര്‍മ്മ സേന വഴി യൂസര്‍ ഫീ ശേഖരിക്കുന്നതിലും ശുചിത്വ മാലിന്യ സംസ്കരണ രംഗത്തും എല്ലാ ഗ്രാമ പഞ്ചായത്തുകളും മികച്ച പ്രവര്‍ത്തനം നടത്തിയതും ബ്ലോക്കിന്റെ അവാര്‍ഡ് നേട്ടത്തിന് സഹായകമായതായി പ്രസിഡന്റ് രാജു ജോണ്‍ ചിറ്റേത്ത്, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോള്‍ ജേക്കബ്, സെക്രട്ടറി ജോഷി ജോസഫ്, സ്ഥിര സമിതി അദ്ധ്യക്ഷരായ സ്മിത അലക്സ്, കൊച്ചുറാണി സെബാസ്റ്റ്യന്‍, പി.എന്‍. രാമചന്ദ്രന്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മുകുള്‍ എസ്.വി. എന്നിവര്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments