കുമരകം: മാലിന്യനിർമാർജ്ജനം ഒരു സംസ്‌കാരമാണെന്നും ചെറുപ്രായം മുതൽ കുട്ടികളിലൂടെ ആ സംസ്‌കാരം വളർത്തിയെടുക്കണമെന്നും സഹകരണ-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു. ശുചിത്വ കേരളം സുസ്ഥിര കേരളം’ എന്ന ലക്ഷ്യത്താേടെ സംസ്ഥാനത്താെട്ടാകെ ആരംഭിച്ച മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കുമരകം വള്ളാറപ്പള്ളി പാരീഷ് ഹാളിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കുമരകം പഞ്ചായത്തിന്റെ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തു തന്നെ ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റ് സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വീടുകളിലെത്തി സെപ്റ്റിക് ടാങ്കുകൾ ശുദ്ധീകരിക്കുന്നതിന് നാലായിരം രൂപ ചെലവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണക്കാർക്ക് ഇതിന് സബ്‌സിഡി നൽകാൻ സാധിക്കുമോ എന്നു പഞ്ചായത്ത് പരിശോധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഖരമാലിന്യവും ജൈവമാലിന്യവും സംസ്‌കരിക്കുന്നതുപോലെ സെപ്ടിക് ടാങ്ക് മാലിന്യവും സംസ്‌കരിക്കുന്നതിനെപ്പറ്റി ആളുകളിൽ അവബോധമുണ്ടാക്കണം.
മാലിന്യനിർമാർജനത്തിന്റെ കാര്യത്തിൽ ഏറ്റുമാനൂർ നിയോജകമണ്ഡലം പശ്ചാത്തല സൗകര്യവികസനത്തിൽ ഒരുപാട് മുന്നോട്ടുപോയി. മാലിന്യമുക്തം നവകേരളം പരിപാടിയിൽ ഏറ്റുമാനൂർ നിയോജകണ്ഡലത്തിൽ ഒന്നാമതെത്തുന്ന ഗ്രാമപഞ്ചായത്തിന് ഒരു ലക്ഷം രൂപയും വാർഡിന് അൻപതിനായിരം രൂപയും എം.എൽ.എ. ഫണ്ടിൽ നിന്ന് സമ്മാനം നൽകും. ജനകീയ ക്യാമ്പയിൽ പൂർത്തിയാകുന്ന 2025 മാർച്ചിൽ വിധി നിർണയം നടത്തി ഏപ്രിലിൽ തന്നെ പുരസ്‌കാരം വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഗാന്ധിജയന്തി ദിനമായ ഇന്ന് ആരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തിൽ സമ്പൂർണമാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നേടാൻ കഴിയും വിധമാണ് ക്യാമ്പയിൻ നടക്കുന്നത്. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയിലെ വിവിധ ഘടകങ്ങൾ ഏകോപിപ്പിച്ച് സംസ്ഥാനതലം മുതൽ ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാർഡ് തലം വരെയുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ജനകീയമായി ബഹുജന പങ്കാളിത്തത്തോടെയും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയും ക്യാമ്പയിൻ നടത്തിയാണ് ലക്ഷ്യം പൂർത്തീകരിക്കുന്നത്. പ്രധാന ടൗണുകൾ, ടൂറിസം കേന്ദ്രങ്ങൾ, മാർക്കറ്റ്, പൊതു സ്ഥലങ്ങൾ എന്നിവ വൃത്തിയാക്കി സൗന്ദര്യവത്ക്കരിക്കും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. വിശിഷ്ടാതിഥി ആയി. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജി ക്ളെമെന്റ് ക്യാമ്പയിൻ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ കവിതാ ലാലു, കുമരകം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ആർഷ ബൈജു, കുമരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണൻ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത്, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ലക്ഷ്മി പ്രസാദ്, കുടുംബശ്രീ കോഡിനേറ്റർ അഭിലാഷ് ദിവാകർ എന്നിവർ പ്രസംഗിച്ചു.



