കാട്ടാക്കട: മാലിന്യമുക്തം എന്റെ കാട്ടാക്കട ക്യാമ്പയിന്റെ ഭാഗമായി മലയിന്‍കീഴ് ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ പാഴ് വസ്ത്രശേഖരണം ആരംഭിച്ചു. വെള്ളിയാഴ്ച സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബു കുട്ടികള്‍ ശേഖരിച്ച പാഴ് വസ്ത്രങ്ങള്‍ ഹരിതകര്‍മ്മസേനാപ്രവര്‍ത്തകര്‍ക്ക് കൈമാറി.
പഞ്ചായത്തിലെ വീടുകള്‍, വിദ്യാലയങ്ങള്‍ എന്നിവടങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ സെപ്തംബര്‍ രണ്ട് വരെ സ്‌ക്കൂളില്‍ ശേഖരിക്കും. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം പഞ്ചായത്തിന് കൈമാറി സംസ്‌ക്കരിക്കും. ഉപയോഗശൂന്യമായ വസ്ത്രങ്ങളാണ് നിലവില്‍ ശേഖരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മണ്ണില്‍ ചേര്‍ന്നും അന്തരീക്ഷത്തില്‍ വ്യാപിച്ചും ഉണ്ടാകുന്ന പരിസ്ഥിതിപ്രശ്‌നങ്ങളെ തടയുക, പരിസരമലിനീകരണം കുറയ്ക്കുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യഅധ്യക്ഷന്‍ കെ.വാസുദേവന്‍നായര്‍, പി.ടി.എ വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ ശിവഗംഗ, എം.പി.ടി.എ പ്രസിഡന്റ് റാണി, വിദ്യാര്‍ത്ഥികള്‍, ഹരിതകര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



