ചങ്ങനാശേരി: അതിരൂപതയുടെ ഒമ്ബതാമത് മേലധ്യക്ഷനും അഞ്ചാമതു മെത്രാപ്പോലീത്തായുമായുള്ള മാര്‍ തോമസ് തറയിലിന്റെ സ്‌ഥാനാരോഹണം ഇന്ന്. മേലധ്യക്ഷ സ്‌ഥാനത്തുനിന്നു വിരമിക്കുന്ന മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായ്‌ക്കുള്ള നന്ദിപ്രകാശനവും ഇന്നു മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും.
രാവിലെ 8.45ന് ആര്‍ച്ചുബിഷപ്‌സ് ഹൗസില്‍ നിന്നു ബിഷപ്പുമാര്‍ മെത്രാപ്പോലീത്തന്‍ പള്ളിയിലേക്കു പുറപ്പെടുന്നതോടെ ചടങ്ങുകള്‍ക്കു തുടക്കമാകും. പള്ളിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ഒമ്ബതിനു സ്‌ഥാനാരോഹണശുശ്രുഷകള്‍ ആരംഭിക്കും. സീറോ മലബാര്‍ സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സ്‌ഥാനാരോഹണ ശുശ്രൂഷകളുടെ കാര്‍മികനാകും. മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സഹകാര്‍മികരായിരിക്കും. മാര്‍ റാഫേല്‍ തട്ടില്‍ സന്ദേശം നല്‍കും.