Tuesday, August 5, 2025
No menu items!
Homeവാർത്തകൾമാണി കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

മാണി കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: മാണി കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. നിയമസഭാ തെരഞ്ഞെടുപ്പില്‍ 2021ല്‍ പാലാ മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സി വി ജോണ്‍ ആണ് പാലാ എംഎല്‍എ മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചത്.

2021-ല്‍ സമർപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പ് ഹർജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെ മാണി സി. കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹർജി ഭേദഗതി വരുത്താൻ ഹർജിക്കാരന് ഹൈക്കോടതി അനുമതി നല്‍കിയത് ചോദ്യം ചെയ്‌തായിരുന്നു മാണി സി. കാപ്പൻ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍, ഹൈക്കോടതിയിലെ തെരഞ്ഞെടുപ്പ് കേസ് നടപടികള്‍ തുടരാമെന്ന് വ്യക്തമാക്കി സുപ്രീം കോടതി ഹർജി തള്ളുകയായിരുന്നു.

മാണി സി കാപ്പൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനുവദനീയമായതില്‍ കൂടുതല്‍ പണം ചെലവാക്കി എന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആവശ്യമായ രേഖകള്‍ മാണി സികപ്പൻ ഹാജരാക്കിയില്ല എന്നും ആരോപിച്ചായിരുന്നു സി വി ജോണ്‍ ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചത്. എന്നാല്‍ മാണി സി കാപ്പനെതിരായ ആരോപണങ്ങള്‍ തെളിയിക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഹർജി ഹൈക്കോടതി ജസ്റ്റിസ് സി ജയചന്ദ്രൻ ഇന്ന് തള്ളുകയായിരുന്നു.

യുഡിഎഫ് സ്ഥാനാർത്ഥിയായാണ് മാണി സി കാപ്പൻ 2021ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയത്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജോസ് കെ മാണി 54,426 വോട്ടുകളും മാണി സി കാപ്പൻ 69,804 വോട്ടുകളും നേടി. 15,378 വോട്ടുകള്‍ക്കായിരുന്നു മാണി സി കാപ്പൻ വിജയിച്ചത്. അതേസമയം സ്വതന്ത്ര സ്ഥാനാർത്ഥിയും ഈ കേസിലെ ഹർജിക്കാരനും ആയ സി വി ജോണിന് 249 വോട്ടുകള്‍ ആണ് ലഭിച്ചത്.

കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. ഹര്‍ജിയില്‍ പൊതുവായ കാര്യങ്ങളാണ് ഉന്നയിച്ചതെന്നും ഹര്‍ജിയില്‍ വ്യക്തതയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വാദം. മുതിർന്ന അഭിഭാഷകനായ ടി. കൃഷ്ണനുണ്ണി, അഡ്വ. ദീപു തങ്കൻ എന്നിവരാണ് മാണി സി. കാപ്പനു വേണ്ടി ഹാജരായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments