മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ഇവിഎമ്മിൽ കൃത്രിമം നടന്നെന്ന ആരോപിച്ച് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഇന്ത്യ സഖ്യം. ഇന്ന് വൈകീട്ട് എൻ സി പി അധ്യക്ഷൻ ശരദ് പവാറും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഡൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സഖ്യത്തിന്റെ നീക്കം. നേരത്തേയും വിവിധ തിരഞ്ഞെടുപ്പുകളിൽ ഇവിഎമ്മിൽ തിരിമറി ആരോപിച്ച് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്നെല്ലാം ഇവിഎം സുതാര്യമാണെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. അടുത്തിടെ തിരിമറി ആരോപണത്തിൽ കോടതി ഹർജിക്കാരനെതിരെ അതിരൂക്ഷമായി പ്രതികരിച്ചിരുന്നു. നിങ്ങൾ വിജയിക്കുമ്പോൾ എന്താ ഇവിഎമ്മിൽ കൃത്രിമം നടക്കുന്നില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം.
ഇവിഎമ്മിന് നിരവധി ഗുണങ്ങൾ ഉണ്ട്. വോട്ടിംഗ് നിരക്ക് മിനിറ്റിൽ നാല് വോട്ടുകളായി പരിമിതപ്പെടുത്തുന്നതിലൂടെ ബൂത്ത് ക്യാപ്ചറിംഗ് ഫലപ്രദമായി ഇല്ലാതാക്കി. അതുവഴി കള്ളവോട്ട് നടത്തുന്നത് പരിശോധിക്കാനും സാധിക്കും’, എന്നായിരുന്നു കോടതി അടുത്തിടെ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട്. ഇവിഎം ക്രമക്കേട് ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനും ആവർത്തിച്ച് തള്ളിക്കളഞ്ഞിരുന്നു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ കണക്കുകളും വിവിപാറ്റ് സ്ലിപ്പുകളും തമ്മിൽ പൊരുത്തക്കേടില്ലെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഒരോ മണ്ഡലങ്ങളിലേയും അഞ്ച് ബൂത്തുകളിൽ വിവിപാറ്റ് സ്ലിപ്പുകൾ പാർട്ടിക്കാരുടേയും നിരീക്ഷകരുടേയും മുന്നിൽ വെച്ച് തന്നെ എണ്ണിയിരുന്നു. നിയമങ്ങൾക്കനുസരിച്ച് തന്നെയാണ് വിവിപാറ്റ് സ്ലിപ്പ് കൗണ്ടിങ് പൂർത്തിയാക്കിയത്. ഇവിഎമ്മിലെ നമ്പറുകളുമായി ഇവ പൊരുത്തപ്പെടുന്നുണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിച്ചിരുന്നു’, കമ്മീഷൻ അറിയിച്ചു.
മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ഇത്തവണ അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിപക്ഷം. ലോക്സഭ തിരഞ്ഞെടുപ്പിലെ വിജയം ആയുധമാക്കിയായിരുന്നു സഖ്യം തിരഞ്ഞെടുപ്പ് കളത്തിൽ ഇറങ്ങിയത്. എന്നാൽ വലിയ തിരച്ചടിയാണ് മഹാവികാസ് അഘാഡി സഖ്യം നേരിട്ടത്. ഏറ്റവും വലിയ വിജയം പ്രതീക്ഷിച്ച കോൺഗ്രസ് സംസ്ഥാനത്ത് തകർന്നടിഞ്ഞു. ഉദ്ധവ് താക്കറെയുടെ ശിവസേനയുടെ സ്ഥിതിയും ശരദപ് പവാർ നയിക്കുന്ന എൻ സി പിയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. തോൽവിക്ക് പിന്നാലെയാണ് ഇവിഎമ്മിൽ കൃത്രിമം നടത്തിയാണ് മഹാരാഷ്ട്രയിൽ ബി ജെ പിയിൽ അധികാരം പിടിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചത്. തിരഞ്ഞെടുപ്പിൽ ബി ജെ പി തനിച്ച് 132 ഓളം സീറ്റുകളായിരുന്നു നേടിയിരുന്നത്.