മുംബൈ: മഹാരാഷ്‌ട്രയില്‍ കനത്ത മഴയിലും കാറ്റിലും വൻനാശ നഷ്ട്ടം. പൂനെയില്‍ കഴിഞ്ഞ ദിവസം മൂന്ന് പേർ വൈദ്യുതാഘാതമേറ്റും ഒരാള്‍ മണ്ണിടിച്ചിലില്‍ പെട്ടും മരിണപ്പട്ടിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരമേഖലകളില്‍ 114 മില്ലിമീറ്റർ മഴയും വനപ്രദേശങ്ങളില്‍ 200 മില്ലിമീറ്റർ മഴയുമാണ് ലഭിച്ചത്. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം മുംബൈയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 65 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.
തലസ്‌ഥാന നഗരിയായ മുംബൈയിലും ജനജീവിതം ദുരിതത്തിലായി. കായലുകള്‍ കരകവിയുകയും റോഡുകളില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തേയും മഴ സാരമായി ബാധിച്ചിട്ടുണ്ട്. പാല്‍ഘർ ജില്ലയിലെ വാഡ, വിക്രംഗഡ് താലൂക്കുകളിലും റായ്ഗഡ്, അലിബാഗ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ചു.
മുംബൈയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴ ട്രെയിൻ, വിമാന സർവീസുകളുടെ പ്രവർത്തനങ്ങളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഴ വിമാന സർവീസുകളെ ബാധിച്ചേക്കുമെന്നും, ട്രാഫിക്കും വെള്ളക്കെട്ടും മൂലം വിമാനത്താവളത്തില്‍ എത്തുന്നത് വൈകാതിരിക്കാൻ പരമാവധി നേരത്തെ യാത്ര തിരിക്കണമെന്നും എയർ ഇന്ത്യയുടെ നിർദേശത്തില്‍ പറയുന്നു.
കനത്ത മഴയും കാറ്റും ട്രെയിൻ സർവീസുകളേയും സാരമായി ബാധിച്ചിട്ടുണ്ട്. പല ട്രെയിനുകളും വൈകിയാണ് സർവീസ് നടത്തുന്നത്. പൻവേല്‍-ചൗക്ക് ലെയ്ൻ വഴിയുള്ള ട്രെയിൻ സർവീസുകള്‍ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് സെൻട്രല്‍ റെയില്‍വേ അറിയിച്ചു.