മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള ആയുധ നിർമ്മാണശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ എട്ടു പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു, ഭണ്ഡാര ജില്ലയിൽ രാവിലെ 10.30 ഓടെ ഫാക്ടറിയുടെ എൽടിപി വിഭാഗത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് ജില്ലാ കളക്ടർ സഞ്ജയ് കോൾട്ടെ പറഞ്ഞു. സ്‌ഫോടനത്തിന്റെ തീവ്രത വളരെ കൂടുതലായതിനാല്‍ 5 കിലോമീറ്റര്‍ അകലെ നിന്ന് വരെ ശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ട്. അഗ്നിശമനസേനയും മെഡിക്കൽ ജീവനക്കാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. സ്‌ഫോടനത്തെ തുടർന്ന് ജവഹർ നഗർ ഏരിയയിലെ ഫാക്ടറിയുടെ എൽടിപി സെക്ഷനിൽ കുടുങ്ങികിടന്ന 14 തൊഴിലാളികളെ രക്ഷപെടുത്തി. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് പുരോഗമിക്കുകയാണ്.
സ്ഫോടനത്തിൽ ഫാക്ടറിയുടെ മേൽക്കൂര പൂർണ്ണമായും തകർന്നതായാണ് വിവരം. കൂടുതൽ തൊഴിലാളികൾ അവശിഷ്ടങ്ങളിൽ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്.



