മഹാകുംഭമേളയെ പ്രകാശപൂരിതമാക്കാൻ ജനുവരി 24 മുതൽ 26 വരെ തീയതികളിൽ മനോഹരമായ ഡ്രോൺ ഷോ നടക്കും. സാങ്കേതികവിദ്യയും ഇന്ത്യൻ സംസ്കാരവും സമന്വയിപ്പിക്കുന്ന ഈ ഷോയിൽ, മഹാകുംഭ മേളയുടെ പ്രാധാന്യവും സാംസ്കാരിക രംഗങ്ങളും ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ സൃഷ്ടിക്കപ്പെടും. കൂടാതെ സംഗീതവും വർണശബളമായ പ്രകാശ സംവിധാനങ്ങളും ഈ അനുഭവത്തെ കൂടുതൽ മികവുറ്റതാക്കുന്നതായിരിക്കും.
റിപ്പബ്ലിക് ദിനത്തിൽ ഈ പരിപാടി നടത്തുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം സെക്ടർ 7 ൽ ഡ്രോൺ ഷോയുടെ റിഹേഴ്സൽ സംഘടിപ്പിച്ചിരുന്നു. ഷോയുടെ സമയത്ത് ഡ്രോണുകൾ ആകാശത്ത് ആകർഷകമായ രൂപങ്ങളും ദൃശ്യങ്ങളും സൃഷ്ടിക്കും. ഇന്ത്യൻ സംസ്കാരം, ആത്മീയത, മഹാകുംഭമേളയുടെ പ്രാധാന്യം എന്നിവ എടുത്തുകാണിക്കും വിധത്തിലുള്ളതായിരിക്കും ഈ പ്രദർശനങ്ങൾ. സംഗീതത്തിന്‍റെയും പ്രകാശത്തിന്‍റെയും ഏകോപനം ദശലക്ഷക്കണക്കിന് ഭക്തരെയും വിനോദസഞ്ചാരികളെയും അതിശയിപ്പിക്കുന്നതായിരിക്കും.