വേങ്ങര: മനുഷ്യജീവന് ഭീഷണിയായേക്കാവുന്ന, മസ്തിഷ്ക ജ്വരത്തിനു കാരണമായ മാരകമായ ബ്രെയിൻ ഈറ്റിങ് അമീബയെ തിരിച്ചറിഞ്ഞ് നശിപ്പിക്കാൻ ശേഷിയുള്ള നൂതനമായ ഐ.ഒ.ടി റോബോട്ടിക് ഉപകരണ പ്രോജക്റ്റ് അവതരിപ്പിച്ച് കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസ് വിദ്യാർഥിനി ഇ.കെ. നസ്ര. കഴിഞ്ഞ ദിവസം അവസാനിച്ച വേങ്ങര ഉപജില്ല ശാസ്ത്രമേളയിലാണ് ഇൻവെസ്റ്റിഗേറ്റീവ് പ്രൊജക്റ്റിൽ ഈ മിടുക്കി, ജല സ്രോതസ്സുകളിൽ ഒളിഞ്ഞിരിക്കുന്നതും മരണം വരെ സംഭവിപ്പിക്കാൻ സാധ്യതയുള്ളതുമായ ‘നെയ്ഗ്ലേരിയ ഫൗലേറി’ പോലുള്ള അമീബകളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്ന ഐ.ഒ.ടി റോബോട്ടിക് ഉപകരണം അവതരിപ്പിച്ചത്. ദീർഘനാളത്തെ ഗവേഷണ ശ്രമഫലമായി രൂപപ്പെടുത്തിയ ഈ പ്രോജക്റ്റ്, ജലസ്രോതസ്സുകളിൽ ഒളിഞ്ഞിരിക്കുന്നതും മരണം വരെ സംഭവിപ്പിക്കാൻ സാധ്യതയുള്ളതുമായ അമീബകളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നു. നസ്ര രൂപകൽപ്പന ചെയ്ത ഈ റോബോട്ടിക് ഡിവൈസ്, അമീബയുടെ സാന്നിധ്യം കൃത്യമായി തിരിച്ചറിയുകയും, തുടർന്ന് ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ അവയെ നിർമാർജനം ചെയ്യുകയും ചെയ്യും. ലോകമെമ്പാടുമുള്ള പൊതുജനാരോഗ്യ രംഗത്തെ ഒരു വലിയ വെല്ലുവിളിയെ ലളിതവും ചെലവുകുറഞ്ഞതുമായ സാങ്കേതികവിദ്യയിലൂടെ നേരിടാൻ സാധിക്കുമെന്നു നസ്ര അവകാശപ്പെടുന്നു. പ്രോജക്റ്റിന്റെ രൂപവത്കരണത്തിനും സാങ്കേതിക മികവിനും പിന്നിൽ പ്രവർത്തിച്ചത് ശാസ്ത്രലേഖകനും ഈ സ്കൂളിലെ അധ്യാപകനുമായ ഡോ. ഇ.കെ. സിമിൽ റഹ്മാനാണ്.



