തിരുവനന്തപുരം: കേരളത്തിലെ മലയോര ജില്ലകളിൽ ശൈത്യം കടുക്കുന്നതായാണ് കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട്.
മിക്കവാറും മലയോര പ്രദേശങ്ങളിൽ താപനില 10 ഡിഗ്രി സെൽഷ്യസിനും താഴേക്ക് പോയിരിക്കുന്നത് ജനങ്ങളെയും വിനോദസഞ്ചാരികളെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് അടുത്ത നാല് ദിവസത്തേക്ക് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ നൽകിയിട്ടില്ല.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ താപനില കുത്തനെ താഴുകയാണ്. ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ തുടർച്ചയായ രണ്ടാം ദിവസവും താപനില പൂജ്യത്തിന് താഴെ (Sub-zero) എത്തി.
മൂന്നാറിലെ ലച്ച്മി എസ്റ്റേറ്റിൽ ശനിയാഴ്ച പുലർച്ചെ മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് (-1°C) താപനിലയാണ് രേഖപ്പെടുത്തിയത്. വയനാട്, ഇടുക്കി ജില്ലകളിലെ മിക്ക പ്രദേശങ്ങളിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. വടക്കൻ ജില്ലകളിൽ രാത്രിയിലും അതിരാവിലെയും തണുപ്പ് കൂടുമ്പോൾ, തെക്കൻ ജില്ലകളിൽ പകൽ സമയത്ത് ചൂട് കൂടുന്ന സാഹചര്യവുമാണ് ഉള്ളത്.
ഇടുക്കിയിലെ വിവിധ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില ഇങ്ങനെയാണ്: ലച്ച്മി സെക്ഷനിൽ -1°C രേഖപ്പെടുത്തിയപ്പോൾ സൈലന്റ് വാലിയിലും ചെണ്ടുവരൈയിലും താപനില 1°C ആയി താഴ്ന്നു. നല്ലതണ്ണിയിൽ 2°C, ദേവികുളം, സെവൻമലേ സെക്ഷൻ എന്നിവിടങ്ങളിൽ 4°C വീതവുമാണ് താപനില.
മാട്ടുപ്പെട്ടിയിൽ 5°C-ഉം മൂന്നാർ ടൗണിൽ 7.6°C-ഉം ആണ് ശനിയാഴ്ചത്തെ തണുപ്പ്. ആനയിറങ്കൽ ഡാം പരിസരത്ത് 12°C താപനില അനുഭവപ്പെട്ടു. തണുപ്പ് കടുക്കുന്നതോടെ മൂന്നാറിലെ പുൽമേടുകളിൽ മഞ്ഞു വീഴ്ചയും (Frost) ശക്തമായിട്ടുണ്ട്.
വയനാട് ജില്ലയിലെ കാരാപ്പുഴയിൽ 12.1°C-ഉം പടിഞ്ഞാറത്തറ ഡാം പരിസരത്ത് 15.7°C-ഉം ആണ് താപനില. ഇടുക്കിയിലെ അയ്യപ്പൻകോവിൽ (13.9°C), പാമ്പാടുംപാറ (15.2°C) എന്നിവിടങ്ങളിലും ശൈത്യം അനുഭവപ്പെടുന്നുണ്ട്. കാസർകോട് ജില്ലയിലെ പാണത്തൂരിൽ 16.4°C-ഉം പടന്നക്കാട് 18°C-ഉം ആണ് രേഖപ്പെടുത്തിയ കുറഞ്ഞ താപനില. പത്തനംതിട്ട ജില്ലയിലെ റാന്നി–ചെത്തക്കൽ മേഖലയിൽ 16.5°C തണുപ്പ് അനുഭവപ്പെട്ടു. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ 17.5°C-ഉം പാലേമാട് 17.6°C-ഉം ആണ് താപനില.
കണ്ണൂർ ജില്ലയിലെ ആറളത്ത് 17.3°C-ഉം അയ്യൻകുന്ന് മേഖലയിൽ 17.9°C-ഉം ആണ് താപനില രേഖപ്പെടുത്തിയത്. തണുപ്പ് വർദ്ധിച്ചതോടെ മൂന്നാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്കാണ് അനുഭവപ്പെടുന്നത്. എന്നാൽ തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് അതിശൈത്യം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.



