മലയിൻകീഴ് : മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് എക്സ്റേ എടുക്കാനായി കാത്തിരിക്കേണ്ടത് മണിക്കൂറുകൾ. പ്രതിദിനം 100- കണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയിലാണ് ഈ ഗതികേട്. രാവിലെ എത്തുന്ന രോഗികൾ ഉച്ചയായാൽ പോലും എക്സ്റേ റൂമിന് പുറത്ത് മണിക്കൂറുകൾ കാത്തിരിക്കണം. വയോധികരായ ആളുകൾക്ക് ദീർഘനേരത്തെ ഈ കാത്തിരിപ്പ് ദുരിതമാണ്. എക്സ് റേ എടുത്ത് തിരികെ ഓ.പി.യിലെത്തുമ്പോൾ ഡ്യൂട്ടി കഴിഞ്ഞ് ഡോക്ടർ പോയിട്ടുണ്ടാകും. ഒച്ച് അനങ്ങുന്ന വേഗതയിലാണ് എക്സ്-റേ മുറിയിലേക്ക് രോഗികളെ വിളിക്കുന്നത്. എക്സ്-റേ വിഭാഗത്തിൽ മതിയായ ജീവനക്കാർ ഇല്ല. ഉള്ളത് ഒരു ജീവനക്കാരി മാത്രമാണ്. ഡോക്ടറെ കണ്ട് മരുന്നും വാങ്ങി തിരികെ പോകാം എന്ന് വിചാരിച്ച് വരുന്ന ജനങ്ങൾക്ക് പിറ്റേ ദിവസവും ആശുപത്രിയിലേക്ക് വരേണ്ട ഗതികേടിലാണ്.