ചെറുതോണി : ആരോഗ്യ വകുപ്പില്‍ നിന്നു നഴ്സിംഗ് അസിസ്റ്റന്‍റ് തസ്തികയില്‍ നിന്ന് വിരമിച്ചപ്പോള്‍ സാധാരണ സർക്കാർ ജീവനക്കാർ പതിവായി പറയുന്നപോലെ ഇനി വിശ്രമ ജീവിതമാകാമെന്ന് അദ്ദേഹം തീരുമാനിച്ചില്ല. ഇനിയുള്ള കാലം മണ്ണിലേക്കിറങ്ങാനാണ് റോജർ തീരുമാനിച്ചത്. എന്നാല്‍ പതിവു രീതികളില്‍നിന്നു വ്യത്യസ്തമായതും എന്നാല്‍ അധികം മുതല്‍മുടക്കോ പരിചരണമോ ആവശ്യമില്ലാത്തതുമായ കൃഷിയായിരിക്കണം ചെയ്യേണ്ടതെന്ന് അദ്ദേഹം തീരുമാനിച്ചു.
അങ്ങിനെയാണ് കാട്ടില്‍ വളരുന്ന മലയിഞ്ചി നാട്ടില്‍ വളർത്താൻ തീരുമാനിച്ചത്. മേത്തൊട്ടിയിലെ കൃഷിയിടത്തില്‍ നട്ടുവളർത്താതെ തന്നെ കുറച്ച് മലയിഞ്ചി വളർന്നിരുന്നു. ഇടയ്ക്ക് അത് പറിച്ചു വില്‍ക്കുന്നതിലൂടെ ചെറിയ തുകയും ലഭിച്ചിരുന്നു. ഇതാണ് മലയിഞ്ചി കൃഷി വ്യാപകമാക്കാൻ റോജറെ പ്രേരിപ്പിച്ചത്. പല കൃഷികളും നഷ്ടക്കണക്കുകള്‍ സമ്മാനിക്കുന്പോള്‍ റോജർ മലയിഞ്ചിയിലൂടെ ഉറപ്പായ വരുമാനം നേടുന്നു.
ഉടുന്പന്നൂർ പഞ്ചായത്തിലെ ചെപ്പുകുളത്ത് രണ്ടേക്കർ സ്ഥലം പാട്ടത്തിനെടുത്താണ് ആദ്യം കൃഷി തുടങ്ങിയത്. സ്വന്തം കൃഷിയിടത്തിലെ മലയിഞ്ചി മൂട് തന്നെയാണ് കൃഷി കൂടുതലായി ചെയ്യാൻ ഉപയോഗിച്ചത്. ആദ്യ വിളവെടുപ്പില്‍ തന്നെ 4,000 കിലോ ഉണക്ക മലയിഞ്ചി വിറ്റു. മൂന്നിലൊരു ഭാഗം സ്ഥല ഉടമയ്ക്കു നല്‍കണം. മൂന്നിലൊന്ന് കൃഷിക്ക് ചെലവഴിച്ചാലും മൂന്നിലൊന്ന് ലാഭം കിട്ടും. മലയിഞ്ചി നട്ടുകഴിഞ്ഞാല്‍ പിന്നെ കാടു തെളിച്ചു കൊടുത്താല്‍ മതി.
കൃഷിപ്പണിയുടെ കൂലി ഉയർന്നത് ചെലവ് വർധിപ്പിച്ചിട്ടുണ്ടെങ്കിലും വന്യ മൃഗശല്യവും കീട ബാധയും കൃഷിയെ ബാധിക്കാത്തതിനാല്‍ നിശ്ചിത വരുമാനം ഉറപ്പായും ലഭിക്കുമെന്നതാണ് മലയിഞ്ചി കൃഷിയുടെ വിജയം. ഇപ്പോള്‍ പെരിങ്ങാശേരിക്കടുത്തും വെള്ളിയാമറ്റം പഞ്ചായത്തിലെ നാടുകാണിയിലും ഭൂമി പാട്ടത്തിനെടുത്ത് ഏഴേക്കറില്‍ കൃഷി ചെയ്യുന്നുണ്ട്.
ത്വക്ക് രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കാണ് മലയിഞ്ചി കൂടുതല്‍ ഉപയോഗിക്കുക. ഇഞ്ചിയുടെ കുടുംബത്തില്‍പ്പെട്ട ചൈനീസ് വംശജനായ ഒൗഷധസസ്യമാണ് മലയിഞ്ചി. പശ്ചിമഘട്ടത്തിലെ കാടുകളിലാണ് ഇവ കൂടുതലായി വളരുന്നത്.
ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടിയുടെ കിഴങ്ങ് ഒൗഷധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. ഉണക്ക മലയിഞ്ചി കിലോയ്ക്ക് 100 രൂപയ്ക്ക് മുകളില്‍ വില കിട്ടും. ഉണങ്ങുന്പോള്‍ മൂന്നിലൊന്നായി തൂക്കം കുറയും. എങ്കിലും കൃഷി ഒരിക്കലും നഷ്ടമാകില്ലെന്നാണ് റോജറിന്‍റെ അനുഭവം തെളിയിക്കുന്നത്. സഹോദരൻ അജേഷും കൃഷിയില്‍ സഹായവുമായി ഒപ്പമുണ്ട്. ഭാര്യ പങ്കജവല്ലിയും മകൻ ആൻസ് റോബിനും കൃഷിക്ക് പ്രോത്സാഹനം നല്‍കുന്നു.