ന്യൂഡല്‍ഹി: പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനു പിന്നാലെ രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവച്ചു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്തത്. 2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 2023 മാര്‍ച്ചിലാണ് പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. വൈവിധ്യമേറിയ നിയമ മേഖലകളില്‍ പ്രാപ്തി തെളിയിച്ച ന്യായാധിപനാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെന്ന് കൊളീജിയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍. സുപ്രീംകോടതി ജഡ്ജിമാരില്‍ കേരളത്തില്‍നിന്നുള്ളവര്‍ ഇല്ലാത്ത സാഹചര്യം കൊളീജിയം പരിഗണിച്ചു. മലയാളിയായ ജഡ്ജി സി.ടി.രവികുമാര്‍ കഴിഞ്ഞയാഴ്ച വിരമിച്ചിരുന്നു. വിനോദ് ചന്ദ്രന്‍ 2011 മുതല്‍ 2023വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു.