മലയിന്‍കീഴ് : കാട്ടാക്കട നിയോജകമണ്ഡലത്തിന്റെ വികസന സാധ്യതകള്‍ തേടി മലയാളം ടൈംസ് ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ നാടിന്റെ വിവിധ വികസന സാധ്യതകളും പോരായ്മകളും ആവശ്യങ്ങളും ജനങ്ങള്‍ ചൂണ്ടിക്കാട്ടി. മലയിന്‍കീഴിന് സ്വന്തമായി ആധുനിക സൗകര്യങ്ങളോടെ ഒരു കളിക്കളം വേണമെന്നതാണ് നാട്ടുകാരുടെ ഒരു പ്രധാന ആവശ്യം. വിദ്യാലയങ്ങളിലെ ചെറിയ മുറ്റം കായിക യുവത്വത്തെ വളര്‍ത്തിയെടുക്കുന്നതിന് പര്യാപ്തമല്ല. അതുപോലെ കുട്ടികളും മുതിര്‍ന്നവരും വിവിധ കായിക ഇനങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്നതിനും കളിക്കുന്നതിനും സ്വകാര്യ കളിക്കളങ്ങളെയാണ് നിലവില്‍ ആശ്രയിക്കുന്നത്. സ്വകാര്യകളിസ്ഥലങ്ങളിലെ ഭീമമായ ഫീസ് സാധാരണക്കാരായ ജനങ്ങള്‍ക്ക് താങ്ങാനാവുന്നതല്ല ഈ സാഹചര്യത്തിലാണ് മലയിന്‍കീഴുകാര്‍ക്ക് സ്വന്തമായി ഒരു കളിക്കളം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ശക്തിയേറുന്നത്. മലയിന്‍കീഴ് ആനപ്പാറയില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ സ്ഥലം ഉപയോഗിച്ച് കളിക്കളം നിര്‍മ്മിക്കാനാവും എന്ന നിര്‍ദ്ദേശവും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.
മറ്റൊന്ന് മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങള്‍ നവീകരിക്കണമെന്നതാണ്. കുളങ്ങള്‍ നവീകരിക്കുന്നതിലൂടെ ജലക്ഷാമത്തെ തടയാനാകും. കൂടാതെ കുളങ്ങള്‍ നവീകരിച്ച് നീന്തല്‍പരിശീലനത്തിനായി ഉപയോഗിക്കുകയും ചെയ്യാം.
വേനല്‍ക്കാലത്ത് പ്രാഥമികാവശ്യങ്ങള്‍ക്കുള്ള ജലം ഇത്തരത്തില്‍ നവീകരിക്കുന്ന കുളങ്ങളില്‍ നിന്നും ജനങ്ങള്‍ക്ക് ശേഖരിക്കാനും, കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കഴിയും. മറ്റൊരു നിര്‍ദ്ദേശം കുളങ്ങള്‍ വൃത്തിയാക്കുന്നതിലൂടെ വിനോദസഞ്ചാരസാധ്യതകളെ വികസിപ്പിച്ചെടുക്കാന്‍ കഴിയും എന്നതാണ്.
തകര്‍ന്ന് കുണ്ടും കുഴിയുമായി ഗതാഗതയോഗ്യമല്ലാതെ കിടക്കുന്ന റോഡുകളും ഓടകളുടെ അപര്യാപ്തതയും നവീകരണമില്ലായ്മയും പ്രകാശിക്കാത്ത തെരുവുവിളക്കുകളും, തെരുവുനായ ശല്യവുമെല്ലാം ചര്‍ച്ചാവിഷയങ്ങളായി. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആവശ്യങ്ങളും, ആശയങ്ങളും മലയാളം ടൈംസ് അധികൃതരെ അറിയിച്ച് തുടര്‍ നടപടികള്‍ മലയാളം ടൈംസിലൂടെ അറിയിക്കും. നാട്ടുകാരുടെയും പങ്കെടുത്തവരുടെയും ആവശ്യം അനുസരിച്ച് കാട്ടാക്കട താലൂക്കില്‍ ഒരു ഓണ്‍ലൈന്‍ ഡിബേറ്റ് കൂടി സംഘടിപ്പിക്കുന്നതാണ്.