കോഴിക്കോട്: മലബാറിന്റെ വൈവിധ്യമാര്‍ന്ന ടൂറിസം സാധ്യതകള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനായി ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 19 ന് കോഴിക്കോട് ബിസിനസ് ടു ബിസിനസ് (ബിടുബി) മീറ്റ് സംഘടിപ്പിക്കും. രാജ്യത്താകമാനമുള്ള വിനോദസഞ്ചാര മേഖലയിലെ പ്രമുഖരുമായി ദൃഢവും ഫലപ്രദവുമായ പങ്കാളിത്തം സാധ്യമാക്കുകയാണ് ബിസിനസ് മീറ്റിന്റെ ലക്ഷ്യം. രാവിലെ 9 ന് ആരംഭിക്കുന്ന മീറ്റ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മലബാറിനെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനായാണ് ബിടുബി മീറ്റ് സംഘടിപ്പിച്ചിരിക്കുന്നതെന്നും പ്രാദേശിക സേവന ദാതാക്കള്‍, പ്രമുഖ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടൂറിസം മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ തമ്മിലുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തുന്നതിന് ഇത് വഴിയൊരുക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ടൂറിസത്തില്‍ മികച്ച സാധ്യതകളാണ് മലബാറിനുള്ളതെന്നും സംസ്ഥാനത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലേക്ക് മലബാറിനെയും ചേര്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പങ്കാളിത്തങ്ങള്‍ സൃഷ്ടിക്കുന്നതിനും ദേശീയ-അന്തര്‍ദേശീയ ടൂറിസം ഭൂപടത്തില്‍ മലബാറിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നതിനും ബിടുബി മീറ്റ് ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



