തിരുവനന്തപുരം: നിപ കേസ് റിപ്പോര്‍ട്ട് ചെയ്ത മലപ്പുറത്തെ പാണ്ടിക്കാട് നിന്നെടുത്ത വവ്വാല്‍ സാമ്ബിളില്‍ വൈറസിന്റെ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിപാ ബാധ റിപ്പോർട്ട് ചെയ്ത സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവില്‍ നിന്നെടുത്ത സാമ്ബിളുകളിലാണ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പഴംതീനി വവ്വാലുകളില്‍ നിന്നായിരുന്നു സാമ്ബിളുകളെടുത്തത്. 27 സാമ്ബിളുകളില്‍ ആറ് എണ്ണത്തിലാണ് ആന്റിബോഡി കണ്ടെത്തിയത്.
നിപാ മാർഗനിർദേശപ്രകാരം ഇതുവരെ നടത്തിയ പരിശോധനകളില്‍ രോഗിയുടെ സമ്ബർക്കപ്പട്ടികയിലുള്ള എല്ലാവരുടെയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ആകെ 472 പേരാണ് സമ്ബർക്കപ്പട്ടികയിലുള്ളത്. ഇതില്‍ 21 ദിവസം ഐസൊലേഷൻ പൂർത്തിയാക്കിയ 261 പേരെ സമ്ബർക്കപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് മന്ത്രി വാർത്താ കുറിപ്പില്‍ അറിയിച്ചു.



