മരങ്ങാട്ടുപിള്ളി: എറണാകുളം ഏരൂർ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മരങ്ങാട്ടുപിള്ളി സ്വദേശിനിയും പഞ്ചായത്തിലെ സാക്ഷരതാ പ്രേരകുമായ ഓമന സുധൻ്റെ മകൾ ആര്യ വിഷ്ണുവിന്റെ ചികിത്സയ്ക്കായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ, സാമുദായിക, സാമൂഹിക സംഘടനകൾ ഉൾപ്പെടുന്ന ബഹുജന കൂട്ടായ്മകളുടെ സഹകരണത്തോടെ സമാഹരിച്ച ഏഴ് ലക്ഷം രൂപ (71823l) ചികിത്സാസഹായ ഫണ്ട് കൈമാറി. അപകടത്തിൽ ആര്യയുടെ ഭർത്താവ് വിഷ്ണു ഗോപാൽ തൽസമയം മരണപ്പെട്ടിരുന്നു. ഇവരുടെ വിവാഹം ഡിസംബർ ഒന്നിനായിരുന്നു നടന്നത്. ഗുരുതരമായി പരിക്കേറ്റ ആര്യയുടെ ആന്തരിക അവയവങ്ങൾക്ക് കടുത്ത ക്ഷതമേറ്റതിനാൽ അടിയന്തിര ശസ്ത്രക്രിയക്കായി എറണാകുളം മെഡിക്കൽ സെൻ്റർ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി . ആരോഗ്യനില ആശാവഹമാണന്ന് ആശുപത്രി അധികൃതരിൽ നിന്നും വിവരം ലഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബൽജി ഇമ്മാനുവൽ അറിയിച്ചു. ഒരു ദിവസം കൊണ്ടാണ് ഫണ്ട് സമാഹരിച്ചത് ഇതിനായി പഞ്ചായത്തിലെ പതിനാല് വാർഡിലും കഴിഞ്ഞ ഡിസംബർ 20ന് രാവിലെ എട്ടുമണി മുതൽ പ്രവർത്തക സ്ക്വാർഡുകൾ രംഗത്തിറങ്ങിയിരുന്നു.