ചെറുതോണി: ഓണാഘോഷത്തിന് മുമ്ബ് ടൂറിസ്റ്റ് കേന്ദ്രമായ പാല്‍ക്കുളംമേട് ഒരുങ്ങുന്നു. മനംമയക്കുന്ന കാഴ്ചകളാണ് ജില്ല ആസ്ഥാനത്തെ പാല്‍ക്കുളംമേട് സമ്മാനിക്കുന്നത്. ജില്ലയുടെ ടൂറിസം മാപ്പില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും സ്ഥലത്തിന്റെ പ്രത്യേകതകളെക്കുറിച്ച് വിനോദസഞ്ചാരികള്‍ക്ക് കൂടുതല്‍ അറിവൊന്നുമില്ല.
ഇടുക്കി-ചെറുതോണിയില്‍നിന്ന് 12 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. കിലോമീറ്ററുകളോളം നീളത്തിലും വീതിയിലും വിസ്തൃതിയിലുമുള്ള പച്ചപ്പ് നിറഞ്ഞ് ആകർഷണീയമാണ് ഈ വ്യൂപോയന്‍റ്. വാഴത്തോപ്പ്-ഇടുക്കി-കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന സ്ഥലമാണ്. ജൈവ വൈവിധ്യങ്ങള്‍ നിറഞ്ഞ ഇവിടം നൂറുകണക്കിന് അപൂർവ ഔഷധസസ്യങ്ങളാലും ജീവജാലങ്ങളാലും സമ്ബന്നമാണ്. എത്ര കടുത്ത വേനലിലും ജലസാന്നിധ്യമുള്ളത് ഈ സ്ഥലത്തിന്‍റെ പ്രത്യേകതയാണ്.
വേനല്‍കാലത്തും കോടമഞ്ഞ്
സമുദ്രനിരപ്പില്‍നിന്ന് 3125 അടി ഉയർച്ചയുണ്ട് പാല്‍ക്കുളംമേടിന്. വേനല്‍ക്കാലത്ത് പോലും കോടമഞ്ഞിറങ്ങുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവിടെ നിന്ന് നോക്കിയാല്‍ കൊച്ചി തുറമുഖം, ചെറുതോണി അണക്കെട്ട്, മൂന്നാർ, പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയും കാണാം. റവന്യൂ ഉടമസ്ഥതയിലുള്ള പ്രദേശത്ത് പലസ്ഥലത്തായി ചെറിയ വനമേഖലകളുമുണ്ട്. ഇവിടെ സ്ഥാപിച്ചിട്ടുള്ള ഏറുമാടങ്ങള്‍ പ്രത്യേക കാഴ്ചയാണ്. ടൂറിസ്റ്റ് കേന്ദ്രത്തിന്‍റെ മധ്യഭാഗത്തുള്ള നീണ്ടഗുഹ സഞ്ചാരികള്‍ക്ക് കൗതുകമുണർത്തുന്നു. കേരളത്തിലെ വനമേഖലകളില്‍ അപൂർവമായി കണ്ടുവരുന്ന ചെറുപുളിപ്പും മധുരവുമുള്ള ഭക്ഷ്യയോഗ്യമായ കാട്ടുമുന്തിരി ധാരാളമുണ്ട്.
നാല്പത്തി അഞ്ചോളം ആനകളും മറ്റ് വന്യജീവികളും ഇവിടെയുണ്ടെന്നാണ് വനം വകുപ്പിന്‍റെ കണക്ക്. പാല്‍ക്കുളംമേട്ടിലേക്കുള്ള വഴി പൂർണ ഗതാഗതയോഗ്യമല്ലാത്തതിനാല്‍ കുടുംബവുമായി എത്തിച്ചേരാൻ പാടാണ്. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ എത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
ട്രക്കിങ്ങുകാരുടെ ഇഷ്ടസ്ഥലം
ഓഫ് റോഡ് ഡ്രൈവിങ്ങിലും ട്രക്കിങ്ങിലും താല്‍പര്യമുള്ള യുവാക്കളാണ് കൂടുതലായി എത്തുന്നത്. അസ്തമയവും കൊച്ചിയില്‍ കപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്നതും ചേതോഹരമായ കാഴ്ചയാണ്. ജനുവരിയോടെ നിരവധി സഞ്ചാരികള്‍ മല കയറാനെത്തുന്നുണ്ട്. നിരവധി ഹെയർപിൻ വളവുകള്‍ താണ്ടി വേണം എത്താൻ. എറണാകുളത്ത് നിന്നെത്തുന്നവർക്ക് കോതമംഗലം ചുരുളിവഴിയും കട്ടപ്പന, തൊടുപുഴ ഭാഗത്തുനിന്ന് എത്തുന്നവർക്ക് ചെറുതോണി-മണിയാറൻകുടി വഴിയും ഇവിടേക്കെത്താം.
ചെറുതോണി ഡാമിനു സമീപമുള്ള ഹില്‍വ്യൂ പാർക്കില്‍നിന്ന് നോക്കിയാല്‍ തലയെടുപ്പോടെ നില്‍ക്കുന്ന പാല്‍ക്കുളം മേടിന്‍റെ കാഴ്ച ഏറെ സുന്ദരമാണ്. മുമ്ബ് വനം വകുപ്പ് പ്രവേശനം നിരോധിച്ച് വേലികെട്ടിയിരുന്നെങ്കിലും നാട്ടുകാരുടെ നേതൃത്വത്തില്‍ വേലിപൊളിച്ചു. മിനി വാഗമണ്‍ എന്ന് അറിയപ്പെടുന്ന ഈ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് സഞ്ചാരികള്‍ക്ക് എത്തിച്ചേരുന്നതിന് കൂടുതല്‍ സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.