ഭോപ്പാൽ: മധ്യപ്രദേശ് സിമന്റ് ഫാക്ടറിയിൽ സ്ലാബ് തകർന്ന് വീണ് മൂന്ന് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ 16 പേർക്ക് പരിക്കേറ്റതായാണ് വിവരം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ പന്ന ജില്ലയിൽ അമാർഗഞ്ചിലുള്ള ജെകെ സിമന്റ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. നിർമ്മാണത്തിലിരിക്കുന്ന പ്ലാന്റിന്റെ ഒരു ഭാഗത്ത് സീലിങ് സ്ലാബ്
സ്ഥാപിക്കുന്നതിനിടെയാണ് അപകടം. സീലിങ് സ്ഥാപിക്കുമ്പേൾ മധ്യ ഭാഗം തകർന്ന് വീഴുകയായിരുന്നു. ആ സമയത്ത് അമ്പതിലധികം തൊഴിലാളികളാണ് സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
അപകട കാരണം അന്വേഷിക്കാൻ വിദഗ്ദ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരണസംഖ്യ ഉയരാൻ സാധ്യതയുള്ളതായാണ് വിവരം. സ്ഥലത്ത് സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.