ഹമാസ് നേതാക്കളെയും ഹിസ്ബുല്ല കമാൻഡറെയും ഇസ്രയേൽ വധിച്ചതിനു പിന്നാലെ മധ്യപൂർവദേശത്തെ സംഘർഷാന്തരീക്ഷം വീണ്ടും രൂക്ഷമാകുന്നെന്ന ആശങ്കയിൽ ലോകരാജ്യങ്ങൾ. ഫ്രാൻസ് ഉൾപ്പെടെ രാജ്യങ്ങൾ പൗരന്മാർക്കായി ജാഗ്രതാനിർദേശങ്ങൾ നൽകി. ഇപ്പോൾ ഇറാനിലുള്ള ഫ്രഞ്ച് പൗരന്മാർ സന്ദർശനം മതിയാക്കി എത്രയും പെട്ടെന്നു മടങ്ങണമെന്നാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം അറിയിച്ചത്.
ടെഹ്‌റാനിൽ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയെ വധിച്ചതിന് ഇസ്രയേലിനോടു പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിനു പിന്നാലെയാണു മുൻകരുതൽ നിർദേശം. ഇസ്രയേലിലെ ടെൽ അവീവിലുള്ള ഇന്ത്യൻ എംബസിയും ജാഗ്രതാനിർദേശം നൽകി. സുരക്ഷാനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജാഗ്രത കൈവിടരുതെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നുമാണ് ഇസ്രയേലിലുള്ള ഇന്ത്യക്കാരോട് ആവശ്യപ്പെട്ടത്. സഹായം ആവശ്യപ്പെട്ടു ബന്ധപ്പെടാനുള്ള നമ്പറുകളും നൽകി.



