തിരുവില്വാമല: കന്നിമാസത്തിലെ ആദ്യ വ്യാഴാഴ്ച ആണ് കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല മഹോത്സവം. വില്വാദ്രിനാഥനു മുന്നിൽ കൊട്ടി തുടങ്ങി പറകോട്ട്കാവിലമ്മക്ക് മുന്നിൽ കൊട്ടിയവസാനിപ്പിക്കുന്നതാണ് മധ്യകേരളത്തിലെ ഓരോ ഉത്സവകാലവും. വില്വാദ്രിനാഥനു മുന്നിൽ കൊട്ടി തുടങ്ങിയാൽ ആ ഉത്സവകാലം പിഴക്കില്ലെന്ന വിശ്വാസം വാദ്യകലാകാരന്മാർക്കുണ്ട് അതുകൊണ്ടുതന്നെ കേരളത്തിലെ പ്രശസ്തരായ. വാദ്യ കലാകാരന്മാർ വില്വാദ്രിനാഥനു മുന്നിൽ തങ്ങളുടെ വാദ്യോപാസന വഴിപാടായ് സമർപ്പിക്കുന്നതും നിറമാലക്കാണ്.
കേരളക്കരയിലെ ഗജവീരന്മാരും നിറമാല ദിനത്തിൽ വില്വാദ്രിനാഥനെ വണങ്ങാനെത്തി. തിരുനാവായിൽ നിന്നും എത്തിച്ച ആയിരകണക്കിനു താമരപൂക്കൾ കൊണ്ടും കദമ്പ മാലകളാലും കുരുത്തോല തോരണങ്ങളാലും ശ്രീരാമ ലക്ഷ്മണന്മാർ വാണരുളുന്ന ഇരു ശ്രീകോവിലുകളും അലങ്കരിച്ചു.
സെപ്റ്റംബർ 19 ന് രാവിലെ അഞ്ച് മണിക്ക് അഷ്ടപദി ആറിന് നാഗസ്വരം എട്ടിന് കിഴക്കൂട്ട് അനിയന്മാരാരുടെ പ്രാമാണിത്തത്തിൽ നിരവധി കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ശീവേലി എഴുന്നള്ളത്ത് നടന്നു. ഉച്ചക്ക് രണ്ട് മണിക്ക് കുനിശ്ശേരി അനിയൻ മാരാരുടെ പ്രാമാണിത്തത്തിൽ പഞ്ചവാദ്യ ത്തിന്റെ അകമ്പടിയോടെ കാഴ്ച ശീവേലി നടക്കും.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിക് മദ്ധളകേളി , കൊമ്പ് പറ്റ്, എന്നിവക്ക് ശേഷം നടക്കുന്ന ശീവേലിഎഴുന്നള്ളിപ്പിൽ കുത്താമ്പുള്ളി മോഹനൻ മേളപ്രമാണിയും പട്ടിപ്പറമ്പ് വിജയൻ പഞ്ചവാദ്യ പ്രമാണിയുമാകും. വാദ്യസമർപ്പണവും അലങ്കരിച്ച ഗജവീരന്മാരേയും കാണുവാൻ ആയിരകണക്കിനു ഉത്സവപ്രേമികൾ വില്വാദ്രിനാഥനു മുന്നിലെത്തി.