മണ്ണയ്ക്കനാട്:മദ്ധ്യകേരളത്തിലെ വിശുദ്ധ ബെനഡിക്റ്റിന്റെ നാമത്തിലുള്ള ഏക ദൈവാലയവും മണ്ണയ്ക്കനാട് ഹോളിക്രോസ് റോമൻ കത്തോലിക്കാ ദൈവാലയത്തിന്റെ ഭാഗവുമായ പൂവത്തുങ്കൽ സെന്റ് ബെനഡിക്റ്റ് ദൈവാലയത്തിൽ വിശുദ്ധ ബെനഡിക്റ്റിന്റെ തിരുനാൾ ജനുവരി 30 മുതൽ ഫെബ്രുവരി 8 വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു. തിരുനാളിനോടനുബന്ധിച്ച് ഇടവകയും പരിസര പ്രദേശങ്ങളും ഇതിനോടകം ആത്മീയോത്സവത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന്
(ജനുവരി 30 വെള്ളിയാഴ്ച) വൈകുന്നേരം 6 മണിക്ക് ഇടവക വികാരി ഫാ.തോമസ് പഴവകാട്ടിൽ തിരുനാൾ കൊടിയേറ്റ് കർമ്മം നിർവഹിക്കുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് ഫെബ്രുവരി 5 വരെ ദിവസേന വൈകുന്നേരം 5.30 ന് ജപമാല, ദിവ്യബലി, നൊവേന എന്നിവ നടക്കും.
ഫെബ്രുവരി 6 വെള്ളിയാഴ്ച സീറോ മലബാർ റീത്തിൽ ദിവ്യബലി . ഫാ. എബി പാറെപറമ്പിൽ (T.O.R) മുഖ്യകാർമികത്വം വഹിക്കും. 7 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ജപമാലയ്ക്കു ശേഷം ദിവ്യബലി അർപ്പിക്കപ്പെടും. ഫാ. പോൾ ഡെന്നി രാമച്ചംകുടിയും . ഫാ. ഫെലിക്സ് പുറത്തെപറമ്പിലും കാർമികരാകും. തുടർന്ന് പൂവത്തുങ്കൽ ജംഗ്ഷനിലേക്ക് വിശ്വാസപ്രഘോഷണയാത്രയും പരിശുദ്ധ കുർബാനയുടെ ആശീർവാദവും ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ ഫെബ്രുവരി 8 ഞായറാഴ്ച രാവിലെ 10 മണിക്ക് ജപമാലയും 10.30 ന് ആഘോഷപൂർവ്വമായ തിരുനാൾ ദിവ്യബലിയും നടക്കും. ഇടവക വികാരി . ഫാ. തോമസ് പഴവകാട്ടിലും . ഫാ. ജോസ് പറപിള്ളിൽ (M S F S) മുഖ്യകാർമികരാകും. തുടർന്ന് വിശ്വാസപ്രഘോഷണയാത്ര, പരിശുദ്ധ കുർബാനയുടെ ആശീർവാദം, നേർച്ചസദ്യ, കൊടിയിറക്കു ചടങ്ങുകൾ എന്നിവയോടെ തിരുനാൾ സമാപിക്കും.
വിശുദ്ധ ബെനഡിക്റ്റിന്റെ അനുഗ്രഹം തേടി നിരവധി ഭക്തർ പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.



