ട്രോളിങ് നിരോധനക്കാലത്ത് കുത്തനെ ഉയർന്ന മീൻവില താഴോട്ട്..കിലോയ്ക്ക് 1300 രൂപ വരെയെത്തിയ അയക്കൂറയ്ക്ക് ചൊവ്വാഴ്ച മാർക്കറ്റിലെ വില 500-600 രൂപയാണ്.
തദ്ദേശീയമായി മീൻലഭ്യത കൂടിയതാണ് വിലകുറയാൻ കാരണം. മറ്റു മീനുകള്‍ക്കും വില താഴ്ന്നിട്ടുണ്ട്.അയലയ്ക്ക് 80-100-120 എന്നിങ്ങനെയാണ് വില (വലുതിന് 240 രൂപവരെയുണ്ട്). മത്തി ചെറുതിന് 80-നും 120-നും ഇടയിലാണ് വില. ആവോലി ചെറുത് മാത്രമേ വിപണിയിലുള്ളൂ. ഇതിന് കിലോയ്ക് 200-240 രൂപയാണ് വില. ചെമ്മീന് വലിപ്പത്തിനനുസരിച്ച് 200-നും 500-നും മധ്യേയാണ് നിരക്ക്.
വിവിധ ജില്ലയില്‍ മീൻവിലയില്‍ പ്രാദേശികമായി നേരിയ ഏറ്റക്കുറച്ചിലുകളുണ്ട്.
അയക്കൂറ 460
ചെമ്പല്ലി 280
ആവോലി വലുത് 380
ചെമ്മീൻ വലുത് 300-280 (ഓഫർ )
പൂമീൻ 280
മഞ്ഞ കട്ക 260
കൂന്തൾ 200
അയല 100
കിളിമീൻ 100
ഉണ്ടമത്തി 220-200 എന്നിങ്ങനെയാണ് വിൽപ്പന നടക്കുന്നത്.
ജൂണ്‍ 10 മുതല്‍ ജൂലായ് 31 വരെയായിരുന്നു ട്രോളിങ് നിരോധനം. ഇക്കാലത്ത് മീനിനും ഉണക്കമീനിനും വൻതോതിലാണ് വില കൂടിയത്. നിരോധനം പിൻവലിച്ചതിനെത്തുടർന്ന് നിലവില്‍ മീൻവില കുറഞ്ഞെങ്കിലും ഓണം സീസണില്‍ വില വീണ്ടും ഉയരാനാണ് സാധ്യത.
ചിക്കനും നേരിയതോതില്‍ വില കുറഞ്ഞിട്ടുണ്ട്. മൊത്തവില കിലോയ്ക്ക് ശരാശരി 94 രൂപ, ചില്ലറ വില 120- 125 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ നിരക്ക്. ആഴ്ചകള്‍ക്ക് മുൻപേ ഇത് യഥാക്രമം 112 രൂപ, 132 രൂപ എന്നിങ്ങനെയായിരുന്നു.
എന്നാല്‍, കഴിഞ്ഞ കർക്കടകമാസത്തില്‍ കിലോയ്ക്ക് 80 രൂപ വരെയായി കുറഞ്ഞിരുന്നതായി വ്യാപാരികള്‍ പറയുന്നു. ഓണത്തോടടുപ്പിച്ച് ചിക്കൻവില വീണ്ടും കൂടാനാണ് സാധ്യത. കല്യാണച്ചടങ്ങുകള്‍ ചിങ്ങമാസത്തില്‍ വീണ്ടും തുടങ്ങുന്നതും വില കൂടാനിടയാക്കും.



