Sunday, December 21, 2025
No menu items!
Homeവാർത്തകൾമണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; ശബരിമല നട അടച്ചു

മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി; ശബരിമല നട അടച്ചു

ശബരിമല: ശബരിമല ക്ഷേത്രത്തിലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി. ജനുവരി 20ന് രാവിലെ നടയടച്ചു. പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജ വർമയുടെ ദർശനത്തോടെ രാവിലെ 6:30 നാണ് നട അടച്ചത്.  രാവിലെ 5 ന് നട തുറന്നശേഷം കിഴക്കേമണ്ഡപത്തിൽ ഗണപതിഹോമം നടന്നു. തിരുവാഭരണ സംഘം തിരുവാഭരണ പേടകങ്ങളുമായി അയ്യനെ വണങ്ങി അനുവാദം വാങ്ങി പന്തളം കൊട്ടാരത്തിലേക്ക് മടക്കഘോഷയാത്ര തിരിച്ചു. തുടർന്ന് രാജപ്രതിനിധി സോപാനത്തെത്തി അയ്യപ്പ ദർശനം നടത്തി. ശേഷം മേൽശാന്തി അരുൺ കുമാർ നമ്പൂതിരി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി കഴുത്തിൽ രുദ്രാക്ഷമാലയും കൈയിൽ യോഗദണ്ഡും അണിയിച്ചു. ഹരിവരാസനം ചൊല്ലി വിളക്കുകളണച്ച് മേൽശാന്തി ശ്രീക്കോവിലിന് പുറത്തിറങ്ങി നടയടച്ചു താക്കോൽക്കൂട്ടം രാജപ്രതിനിധിക്ക് കൈമാറി.

പതിനെട്ടാം പടിയിറങ്ങി ആചാരപരമായ ചടങ്ങുകൾ നടത്തി ദേവസ്വം പ്രതിനിധികളുടെയും മേൽശാന്തിയുടെയും സാന്നിധ്യത്തിൽ രാജപ്രതിനിധി താക്കോൽക്കൂട്ടം ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു വി നാഥിന് കൈമാറി. മാസപൂജകൾക്കുള്ള ചെലവിനായി പണക്കിഴിയും നൽകി. തുടർന്ന് രാജപ്രതിനിധിയും സംഘവും പന്തളം കൊട്ടാരത്തിലേക്ക് യാത്ര തിരിച്ചു. ജനുവരി 23ന് തിരുവാഭരണഘോഷയാത്ര പന്തളത്ത് എത്തിച്ചേരും.

അഭൂതപൂര്‍വമായ ഭക്തജനതിരക്കിനാണ് 2024-25 തീർത്ഥാടനകാലം സാക്ഷ്യം വഹിച്ചത്. ദേവസ്വം ബോർഡിന്റെ പ്രാരംഭ കണക്കുകൾ പ്രകാരം 53 ലക്ഷത്തോളം ഭക്തജനങ്ങൾ ഈ തീർത്ഥാടന കാലം ശബരിമല ദർശനം നടത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments