ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കുക്കി വിഭാഗത്തിലെ യുവതി കൊല്ലപ്പെട്ടു. ചുരാചന്ദ്പൂർ ജില്ലയിലെ ചിങ്ഫേയ് ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മെയ്തേയ് കർഷകർക്ക് നേരെ കുക്കികൾ വെടിവെച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. മെയ്തേയ് വിഭാഗത്തിലെ കർഷകർക്ക് നേരെ കുക്കി വിഭാഗം നടത്തിയ വെടിവെപ്പിൽ ഒരു കർഷകന് പരിക്കേറ്റു. കർഷകൻ ബിഷ്ണുപൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തുടുർന്നുണ്ടായ കുക്കി സംഘവും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് യുവതി കൊല്ലപ്പെട്ടത്. ചുരാചന്ദ്പുരിലെ ലാങ്ചിങ്മന്‍ബിയിലെ ഗ്രാമമുഖ്യന് ഖയ്ഖൊഗിന്‍ ഹോകിപിന്റെ പങ്കാളി ഹൊയ്ഖൊല്‍ഹിങ് ഹോകിപ്പാണ് കൊല്ലപ്പെട്ടത്. രണ്ട് ജില്ലകളിലും സംഘർഷം തുടരുകയാണ്. കൂടുതൽ അക്രമങ്ങൾ തടയുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി കൂടുതൽ സംസ്ഥാന- കേന്ദ്ര സേനകളെ വിന്യസിച്ചിട്ടുണ്ട്. വെടിവെപ്പില്‍ പ്രതിഷേധിച്ച് ഫുബാലയില്‍ പ്രാദേശിക ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കര്‍ഷകരുടെ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ്. അക്രമകാരികളെ നാളെ 11 മണിയോടെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഫുബാലയിലെ സ്ത്രീകള്‍ ഗവര്‍ണര്‍ക്കും ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും കത്തയച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി ബന്ദ് നടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2023 മെയ് മുതൽ കുക്കി- മെയ്തേയ് സമുദായങ്ങൾക്കിടയിൽ ആവർത്തിച്ചുള്ള അക്രമങ്ങളും സംഘർഷങ്ങളും തുടരുകയാണ്. ഇത് മേഖലയിൽ അശാന്തി സൃഷ്ടിക്കുന്നു.



