ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ ഉടമസ്ഥതയിൽ പാർപ്പിട സമുച്ചയം പടുത്തുയർത്തുന്നു. ഭൂരഹിതരും ഭവനരഹിതരുമായ ആളുകൾക്ക് കൈത്താങ്ങ് നൽകുന്നതിനായി കത്തീഡ്രലിൻ്റെ സാധുജന സേവന വിഭാഗമായ വിശുദ്ധ മർത്തമറിയം സേവക സംഘത്തിന്റെ വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഘട്ടം ഘട്ടമായി 10 നിലകളിലായിട്ടാണ് ഏകദേശം 50 പാർപ്പിടങ്ങൾ ഉൾപ്പെടുന്ന പാർപ്പിട സമുച്ചയം പണിതുയർത്തുന്നത്. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ സ്മരണാർത്ഥമാവും പാർപ്പിട സമുച്ചയം.
ഉപഭോക്താവിന് കാലങ്ങളോളം സമുച്ചയത്തിൽ താമസിക്കുവാനും , കൂടുതൽ മെച്ചപ്പെട്ട സൗകര്യത്തിലേക്ക് ഉയരുമ്പോൾ പാർപ്പിടം തിരികെ പള്ളിയിലേക്ക് നൽകി മറ്റ് അർഹരായവർക്ക് കൈമാറുന്ന രീതിയിൽ ആണ് പാർപ്പിട സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്.
ആദ്യഘട്ടമായി 1.5 കോടി രൂപ ചിലവിൽ 8 പാർപ്പിടങ്ങൾ നിർമ്മിക്കുന്നതിനാണ് ഇടവക പൊതുയോഗം തീരുമാനിച്ചിരിക്കുന്നത്.