ന്യൂഡൽഹി: 90 വർഷം പഴക്കമുള്ള ഇന്ത്യയുടെ എയർക്രാഫ്റ്റ് നിയമം പരിഷ്കരിക്കുന്ന ഭാരതീയ വായുയാൻ വിധേയക് ബിൽ -2024 രാജ്യസഭ ശബ്ദവോട്ടോടെ പാസാക്കി. നേരത്തെ ലോക്സഭ ബില്ലിന് അനുമതി നൽകിയിരുന്നു. വ്യോമഗതാഗത മേഖലയിൽ കാലോചിത പരിഷ്കാരം ലക്ഷ്യമിടുന്ന ബിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാവും.വിമാനങ്ങളുടെ രൂപകൽപന, നിർമാണം, പരിപാലനം, കൈവശം വെക്കൽ, ഉപയോഗം, പ്രവർത്തനം, വിൽപന, കയറ്റുമതി, ഇറക്കുമതി എന്നിവയുടെ നിയന്ത്രണം പ്രതിപാദിക്കുന്നതാണ് നിയമം. പഴയ വ്യോമയാന നിയമത്തിലെ ഭൂരിഭാഗം വ്യവസ്ഥകളും നിലനിർത്തുന്നതാണ് പുതിയ ബിൽ. വ്യാഴാഴ്ച രാജ്യസഭയിലെ അവതരണ വേളയിൽ ബില്ലിന്റെ ഹിന്ദി പേരിൽ ചില അംഗങ്ങൾ വിയോജിച്ചു. ഹിന്ദിയിലും സംസ്കൃതത്തിലും മാത്രം ബില്ലുകൾക്ക് പേരിടുന്നത് ഒഴിവാക്കണമെന്ന് ഡി.എം.കെ എം.പി കനിമൊഴി പറഞ്ഞു. എന്നാൽ, ഭാഷയുടെ സ്വത്വം സൃഷ്ടിക്കുക മാത്രമാണ് പേരിന് പിന്നിലെ ഉദ്ദേശ്യമെന്നും അതിൽ ഭരണഘടനാ ലംഘനമില്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു മറുപടിയിൽ പറഞ്ഞു. പുതിയ ബിൽ വ്യോമയാന മേഖലയുടെ വിവിധ വശങ്ങൾ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാറിന് കൂടുതൽ അധികാരം നൽകുന്നു.



