ദേശമംഗലം :പതിറ്റാണ്ടിലേറെയായി ജാതി സർട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷകൾ നൽകി നിരന്തരമായി ഓഫീസുകൾ കയറി ഇറങ്ങുന്ന കുടുംബങ്ങൾക്ക് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി ചേലക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദേശമംഗലം ഗ്രാമീണ വായനശാല ഹാളിൽ കൺവെൻഷൻ സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൗൺസിൽ അംഗം കെ കെ ഷാജഹാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.ജാതി സർട്ടിഫിക്കറ്റ് ഇല്ലത്തതിൻ്റെ പേരിൽ വിദ്യാഭ്യാസ , ചികിത്സ ഭവന ആനുകൂല്യങ്ങൾ നിഷേധിച്ചു കൊണ്ടുള്ള മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടി സമരസമിതി രൂപീകരിച്ചു. കൺവീനർ ആരായി, സെക്രട്ടറി ഉണ്ണികൃഷ്ണൻ ‘വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് പി എം ഷാജഹാൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ചേലക്കര മണ്ഡലം സമരസമിതി കൺവീനർ എം എം മൊയ്തുണ്ണി, മാധ്യമപ്രവർത്തകൻ പരമേശ്വരൻ ആറങ്ങോട്ടുകര എന്നിവർ സംസാരിച്ചു.ദേശമംഗലം യൂണിറ്റ് പ്രസിഡണ്ട് ബഷീർ ദേശമംഗലം സ്വാഗതവും ട്രഷറർ പി കെ ബീന നന്ദിയും അറിയിച്ചു. മണ്ഡലം ട്രഷറർ സൈതലവി വട്ടത്തറ , ഒ എം ബഷീർ, വി എ നസീഹ് , പി എ അബ്ദുൾ അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.



