മുറിഞ്ഞപുഴ: കൊച്ചിൻ ആർട്ട് കളക്ടീവിൻ്റെ ആഭിമുഖ്യത്തിൽ കല ജനങ്ങളിലേയ്ക്കുള്ള പാതയെന്ന കാഴ്ചപ്പാടിൽ ബ്രിഡ്ജ് എന്ന പേരിൽ ഏകദിന ചിത്രകലാ ക്യാമ്പ് ശ്രദ്ധേയമായി. വൈക്കം ചെമ്പ് മുറിഞ്ഞപുഴയിലെ പഴയ പാലത്തിലെ മരത്തണലിലാണ് ഏകദിന ചിത്രകലാ ക്യാമ്പ് നടത്തിയത്.
ചെമ്പ് പഞ്ചായത്ത്, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ എന്നിവയുടെ പങ്കാളിത്തത്തോടെ നടന്ന ചിത്രരചനാ ക്യാമ്പിൽ സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നായി 35ഓളം കലാകാരൻമാർ തങ്ങളുടെ കലാവൈഭവം പ്രകടമാക്കി. ചിത്രകലയെ ഗാലറികളിൽ ഒതുക്കാതെ പൊതുജനങ്ങളിലെത്തിച്ച് അവർക്ക് നയന ശിക്ഷണം ലഭ്യമാക്കണമെന്ന തിരിച്ചറിവിൻ്റെ പശ്ചാത്തലത്തിലാണ് അഞ്ച് കലാകാരൻമാരുടെ നേതൃത്വത്തിൽ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചത്.
നിരവധി ചിത്രകാരൻമാരുണ്ടായിട്ടും അവരുടെ ചിത്രങ്ങൾ വിറ്റുപോകാത്തത് ചിത്രകലയോട് പൊതുജനങ്ങൾക്ക് ആഭിമുഖ്യം വർധിപ്പിക്കാത്തതു കൊണ്ടാണെന്ന് കലാകാരൻമാർ ഇന്ന് തിരിച്ചറിയുന്നു. പൂത്തോട്ട – വൈക്കം റോഡിലെ മുറിഞ്ഞപുഴ പഴയ പാലത്തിൽ കലാകാരൻമാർ ചിത്രം വരയ്ക്കുന്നതു കണ്ട് ചുറ്റും കൂടി കൗതുകത്തോടെ നോക്കി നിന്നവർ നിരവധിയായിരുന്നു. നിരവധി സിനിമയ്ക്ക് പരസ്യകല നിർവഹിച്ച പ്രതിഭാധനർ മുതൽ തുടക്കക്കാർ വരെ ക്യാമ്പിൻ്റെ ഭാഗമായി.
ചെമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ-ഓർഡിനേറ്റർ കെ.രൂപേഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ സുനിൽ മുണ്ടയ്ക്കൽ, അമൽ രാജ് തുടങ്ങിയവർ പിൻ ബലമേകി. ചിത്ര രചനയിലെ പുതിയ സങ്കേതങ്ങളെക്കുറിച്ച് പഠിക്കാനും പുതിയ മാനങ്ങൾ ഉണ്ടാക്കാനുമുള്ള ആവേശം തങ്ങളിൽ നിറയ്ക്കാൻ ഈ ക്യാമ്പിനായെന്ന് ചിത്രരചനയിലേർപ്പെട്ടവർ പറഞ്ഞു. കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് ചിത്രരചന ക്യാമ്പുകൾ വ്യാപിപ്പിച്ച് ജനങ്ങൾക്കും കലാകാരൻമാർക്കുമിടയിൽ സൗഹൃദത്തിൻ്റെ പാലം തീർക്കുകയാണ് ലക്ഷ്യമെന്ന് കൊച്ചിൻ ആർട്ട് കളക്ടീവ് ഭാരവാഹികളായ റഹ്മാൻ ഡിസൈൻ, ബിജു എസ് എൽ പുരം, സുജിത് ക്രയോൺസ്, വിനേഷ് വി. മോഹൻ, നിസാർകാക്കനാട് എന്നിവർ പറഞ്ഞു.