വെയിൽസ്: ബ്രിട്ടനിൽ ബെർട്ട് കൊടുങ്കാറ്റിനെ തുടർന്ന് കനത്ത മഴയും മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും. സൗത്ത് വെയിൽസിൻറെ പല ഭാഗങ്ങളിലും 100 മില്ലീമീറ്ററിലധികം മഴ പെയ്തു. കാർഡിഫും വെസ്റ്റ് യോക്ക്ഷെയറും ഉൾപ്പെടെ വെള്ളക്കെട്ടിൽ മുങ്ങി. ശക്തമായ കാറ്റിൽ മരം വീണ് ഒരാൾ മരിച്ചതായും റിപ്പോർട്ടുണ്ട്. അപകടസാധ്യത കൂടുതലാണന്നാണ് ലഭിക്കുന്ന വിവരം. റോഡ് ഗതാഗതമുൾപ്പെടെ തടസപ്പെട്ടിട്ടുണ്ട്. ആയിരക്കണക്കിന് വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കൊടുങ്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ബ്രിട്ടനിൽ പലയിടത്തുമുണ്ടായ പേമാരി വൻ നാശമാണ് വിതച്ചത്. ബ്രിട്ടനിലെമ്പാടും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പടിഞ്ഞാറൻ സ്കോട്ട്ലാൻഡിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരമേഖലകളോട് ചേർന്ന് മണിക്കൂറിൽ 65 മീറ്റർ മുതൽ 75 മീറ്റർ വരെ ശക്തിയിൽ മഴ പെയ്യുമെന്നാണ് സൂചന. കോൺവി നദിയിൽ കാണാതായ ആളുടെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയിട്ടുണ്ട്. ശക്തമായ കാറ്റിന് പിന്നാലെ ലണ്ടനിലെ റോയൽ പാർക്കുകൾ അടച്ചിട്ടിരിക്കുകയാണ്. ഷെഫീൽഡിൽ നിന്ന് ലണ്ടനിലേക്കുള്ള ട്രെയിൻ അഞ്ച് മണിക്കൂർ വൈകി. തുടർന്നുള്ള ട്രെയിൻ സർവ്വീസ് റദ്ദാക്കിയിട്ടുണ്ട്.



