Monday, October 27, 2025
No menu items!
Homeവാർത്തകൾബ്രിട്ടനിൽ ഭരണമുറപ്പിച്ച് ലേബർ പാർട്ടി: കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും, അഭിനന്ദിച്ച് സുനക്

ബ്രിട്ടനിൽ ഭരണമുറപ്പിച്ച് ലേബർ പാർട്ടി: കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും, അഭിനന്ദിച്ച് സുനക്

ലണ്ടൻ: ബ്രിട്ടിഷ് പൊതുതിരഞ്ഞെടുപ്പില്‍ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്. 650 അംഗ പാര്‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോഴേക്കും കേവലഭൂരിപക്ഷത്തിനുവേണ്ട 325 സീറ്റ് ലേബർ പാർട്ടി മറികടന്നു.‌ നിലവിൽ 359 സീറ്റുമായി ലേബർ പാർട്ടി മുന്നേറുകയാണ്. കൺസർവേറ്റീവ് പാർട്ടി വെറും 72 സീറ്റിൽ ഒതുങ്ങി. 2019 ലേതിനെക്കാൾ 172 സീറ്റാണ് കൺസർവേറ്റീവ് പാർട്ടിക്ക് നഷ്ടമായത്. 46 സീറ്റുമായി ലിബറൽ ഡെമോക്രാറ്റ് പാർട്ടി മൂന്നാമതെത്തി.

ലേബർ പാർട്ടിയുടെ കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. ഹോൽബോൺ ആൻഡ് സെന്റ് പാൻക്രാസ് സീറ്റിൽനിന്നാണ് സ്റ്റാർമറുടെ വിജയം. ലേബർ പാർട്ടിയിൽ വിശ്വാസമർപ്പിച്ച് വോട്ടു ചെയ്തവരോട് കെയ്ർ സ്റ്റാർമർ നന്ദി അറിയിച്ചു. പ്രധാനമന്ത്രി ഋഷി സുനക് കൺസർവേറ്റീവ് പാർട്ടിയുടെ തോൽവി സമ്മതിച്ചു. സ്റ്റാർമറെ ഫോണിൽ വിളിച്ച് സുനക് അഭിനന്ദനമറിച്ചു. റിച്ച്മണ്ട് ആൻഡ് നോർതലേർട്ടൻ സീറ്റ് സുനക് നിലനിർത്തി. 23,059 വോട്ടാണു ഭൂരിപക്ഷം.

650 അംഗ പാർലമെന്റിൽ 410 സീറ്റും ലേബർ പാർട്ടി നേടുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ. കൺസർവേറ്റിവ് പാർട്ടി 131 സീറ്റിലൊതുങ്ങുമെന്നും ലിബറൽ ഡെമോക്രാറ്റുകൾ 61 സീറ്റ് നേടുമെന്നും നൈജൽ ഫരാജിന്റെ റിഫോം യുകെ പാർട്ടി 13 സീറ്റ് നേടുമെന്നുമായിരുന്നു പ്രവചനം. തീവ്ര ദേശീയവാദി പാർട്ടിയായ യുകെ റിഫോം പാർട്ടി 4 സീറ്റ് നേടി. നേതാവ് നൈജൽ ഫരാജ് ആദ്യമായി വിജയിച്ചു. ക്ലാക്ടൺ മണ്ഡലത്തിൽനിന്നാണ് ഫരാജിന്റെ വിജയം. 2019ലെ തിരഞ്ഞെടുപ്പിൽ യുകെ റിഫോമിന് ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല.

2010 ൽ കൺസർവേറ്റീവ് പാർട്ടി ബ്രിട്ടനിൽ അധികാരത്തിലെത്തിയശേഷം, 14 വർഷത്തിനിടെ 5 പ്രധാനമന്ത്രിമാർ ഭരിച്ചു. 4 തിരഞ്ഞെടുപ്പുകളും 2 ഹിതപരിശോധനകളും നടന്നു. ഇത്തവണ ലേബർ വിജയം ഉറപ്പിച്ചാൽ, ഇന്ത്യൻ വംശജർ (നിലവിൽ 15 പേർ) ഉൾപ്പെടെ വംശീയ ന്യൂനപക്ഷക്കാരായ എംപിമാരുടെ എണ്ണം വർധിച്ചേക്കുമെന്നു നിരീക്ഷകർ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments