ബ്രിട്ടൻ: ലേബർ പാർട്ടി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവുമായ സർ കിയർ റോഡ്നി സ്റ്റാമറാണ് പുതിയ പ്രധാനമന്ത്രി. 650 അംഗ പൊതുസഭയില്‍ ലേബർ പാർട്ടി 412 സീറ്റാണ് നേടിയത്. ഭൂരിപക്ഷത്തിന് 326 സീറ്റ് മതി. ബ്രിട്ടനിലെ ഒരു പാർട്ടി നേടുന്ന ഏറ്റവും വലിയ വിജയമാണിത്.പ്രധാനമന്ത്രി ഋഷി സുനക്കിന്റെ കണ്‍സർവേറ്റിവ് പാർട്ടിക്ക് വെറും 121 സീറ്റാണ് കിട്ടിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച. നിലവിലുള്ള സഭയിലെ 202 സീറ്റാണ് ലേബർ പാർട്ടി ഇരട്ടിയാക്കി വർദ്ധിപ്പിച്ചത്. കണ്‍സർവേറ്റിവ് പാർട്ടിക്ക് 344 സീറ്റുണ്ടായിരുന്നു.
സുനക്ക് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് മൂന്നാമൻ രാജാവിനെ സന്ദർശിച്ച് രാജി സമർപ്പിച്ചു. പിന്നാലെ കിയർ സ്റ്റാമറും ചാള്‍സ് രാജാവിനെ സന്ദർശിച്ചു. രാജാവ് മുമ്ബാകെ സ്റ്റാമർ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു.സുനക്കിന് കണ്‍സർവേറ്റിവ് പാർട്ടി നേതൃസ്ഥാനവും നഷ്ടമാവും. പുതിയ നേതാവിനെ തിരഞ്ഞെടുക്കും വരെ അദ്ദേഹം സ്ഥാനത്ത് തുടരും.
സുനക്ക് ജയിച്ചെങ്കിലും അദ്ദേഹത്തിന്റെ 11 മന്ത്രിമാർ പരാജയപ്പെട്ടു. ബ്രിട്ടീഷ് തിരഞ്ഞെടുപ്പില്‍ ഇത്രയധികം മന്ത്രിമാർ തോല്‍ക്കുന്നത് റെക്കോഡാണ്. പാർട്ടിയുടെ മുൻപ്രധാനമന്ത്രി ലിസ് ട്രസും തോറ്റു. 1997ല്‍ ഏഴ് മന്ത്രിമാർ തോറ്റതാണ് മുൻ റെക്കോഡ്.