Tuesday, August 5, 2025
No menu items!
Homeവാർത്തകൾബ്രിട്ടനിലെ റോയൽ കോളജ് ഓഫ് നഴ്സിങ് പ്രസിഡന്റായി ബിജോയ് സെബാസ്റ്റ്യൻ; പദവിയിലെത്തുന്ന ആദ്യ മലയാളി

ബ്രിട്ടനിലെ റോയൽ കോളജ് ഓഫ് നഴ്സിങ് പ്രസിഡന്റായി ബിജോയ് സെബാസ്റ്റ്യൻ; പദവിയിലെത്തുന്ന ആദ്യ മലയാളി

ലണ്ടൻ: 5 ലക്ഷത്തിലേറെ അംഗങ്ങളുള്ള യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ട്രേഡ് യൂണിയനായ റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ (ആർസിഎൻ) പ്രസിഡന്റായി മലയാളിയായ മെയിൽ നഴ്സ് ബിജോയ് സെബാസ്റ്റ്യൻ തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിൽനിന്ന് ഒരാൾ ഈ സ്ഥാനത്തെത്തുന്നത്. ആരോഗ്യസംരക്ഷണ മേഖലയിലെ ഏറ്റവും വലുതും ശക്തവുമായ സംഘടനയാണ് ആർസിഎൻ. ആലപ്പുഴ പുന്നപ്ര വണ്ടാനം സ്വദേശിയായ ബിജോയ്, യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സാണ്.

യുകെയിലെ മലയാളികളായ നഴ്സിങ് ജീവനക്കാർ ഒന്നടങ്കം പിന്തുണച്ചതോടെയാണു സ്വദേശികളായ സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കി ബിജോയ് ഉജ്വല വിജയം നേടിയത്. ബ്രിട്ടനിലെ മലയാളി നഴ്സുമാരുടെ ആവശ്യങ്ങൾക്ക് പരിഗണന ലഭിക്കാൻ ബിജോയിയുടെ നേതൃസാന്നിധ്യം ഏറെ സഹായകരമാകും. ഒക്ടോബർ 14ന് ആരംഭിച്ച പോസ്റ്റൽ ബാലറ്റ് വോട്ടെടുപ്പ് നവംബർ 11നാണ് സമാപിച്ചത്. ഇതിനിടെ യുക്മ നഴ്സസ് ഫോറം ഉൾപ്പെടെയുള്ള നിരവധി മലയാളി സംഘടനകൾ ബിജോയിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും ബിജോയിയുടെ സ്ഥാനാർഥിത്വത്തിന് വൻ സ്വീകാര്യത ലഭിച്ചു. ബിജോയ് ഉൾപ്പെടെ 6 പേരാണ് മത്സരിച്ചത്. 2025 ജനുവരി ഒന്നു മുതൽ 2026 ഡിസംബർ 31 വരെ രണ്ടുവർഷമാണ് പ്രസിഡന്റിന്റെ കാലാവധി. 1916ൽ ബ്രിട്ടനിലാണ് റോയൽ കോളജ് ഓഫ് നഴ്സിങ്ങ് പ്രവർത്തനം ആരംഭിച്ചത്.

കൃഷിവകുപ്പിലെ റിട്ട. ഉദ്യോഗസ്ഥൻ പുന്നപ്ര വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ് ബിജോയ്. കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിങ് പഠനത്തിനും ഒരുവർഷത്തെ സേവനത്തിനും ശേഷം 2011ലാണ് ബാൻഡ്-5 നഴ്സായി ബിജോയ് ബ്രിട്ടനിൽ എത്തിയത്. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിലായിരുന്നു ആദ്യ ജോലി. 2015ൽ ബാൻഡ്-6 നഴ്സായും 2016ൽ ബാൻഡ്-7 നഴ്സായും കരിയർ മെച്ചപ്പെടുത്തി. 2021ലാണ് ബാൻഡ്-8 തസ്തികയിൽ യൂണിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്പിറ്റലിൽ എത്തുന്നത്. 2012ൽ റോയൽ കോളജ് ഓഫ് നഴ്സിങ്ങിൽ അംഗത്വം എടുത്തു. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിന്റെ കീഴിലുള്ള ഹാമർസ്മിത്ത് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗം നഴ്സ് ദിവ്യയാണ് ഭാര്യ. മകൻ അഞ്ചാം ക്ലാസ് വിദ്യാർഥി ഇമ്മാനുവേൽ. ബിജോയിയുടെ സഹോദരി ബ്ലസിയും ഭർത്താവ് ജിതിനും ലണ്ടനിൽ നഴ്സുമാരാണ്.

ലോകത്തിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനുകളിൽ ഒന്നിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും ഒട്ടേറെ പ്രതീക്ഷകളോടെയാണ് ഈ സ്ഥാനത്തെ കാണുന്നതെന്നും ബിജോയ് പറഞ്ഞു. എല്ലാവരും ചേർന്നുപ്രവർത്തിച്ച് നഴ്സിങ് പ്രഫഷനെ കൂടുതൽ വില മതിക്കുന്നതും ബഹുമാനം അർഹിക്കുന്നതുമാക്കി മാറ്റാനാകും ശ്രമം. അംഗങ്ങൾക്കായി യൂണിയൻ കൂടുതൽ ഒരുമയോടെ കരുത്തുള്ള ശബ്ദമായി മാറുമെന്നും ബിജോയ് വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments