റിയോ ഡി ജനീറോ: ഭീകരവാദത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം ഒറ്റക്കെട്ടായി ചെറുക്കണം എന്നും ബ്രസീൽ പ്രസിഡന്‍റ് ലുല ദ സിൽവയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മോദി പറഞ്ഞു. ബ്രസീലുമായുള്ള വ്യാപാരം 20 ബില്യൺ ഡോളറായി ഉയർത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അടുത്ത അഞ്ച് കൊല്ലത്തിൽ ബ്രസീലുമായുള്ള വ്യാപാരം 20 ബില്യൺ ഡോളറായി ഉയർത്തുമെന്നാണ് മോദി അറിയിച്ചത്. കൃഷി, ആയുർവേദം തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ബ്രസീലും തമ്മിൽ കരാർ ഒപ്പിട്ടു. ബ്രസീലിലെ ഉന്നത പുരസ്കാരമായ ഗ്രാൻഡ് കോളർ ഓഫ് ദ നാഷണൽ ഓഡർ ഓഫ് ദ സതേൺ ക്രോസ് മോദിക്ക് ലുല സിൽവ സമ്മാനിച്ചു.
ബ്രിക്സ് ഉച്ചകോടിക്ക് ശേഷം റിയോ ദ ജനീറോയിൽ നിന്ന് ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. ശിവതാണ്ഡവസ്തോത്രം ചൊല്ലിയായിരുന്നു ഇന്ത്യൻ സമൂഹം മോദിക്ക് സ്വീകരണം നൽകിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ സ്റ്റേറ്റ് വിസിറ്റ് തലത്തിലേക്ക് ബ്രസീൽ ഉയർത്തിയിരുന്നു. അഞ്ച് പതിറ്റാണ്ടിന് ശേഷമാണ് ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ഈ അംഗീകാരം ലഭിച്ചത്. ബ്രസീൽ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയയിലേക്ക് തിരിച്ചു. നമീബിയയുടെ തലസ്ഥാനമായ വിൻഡ്ഹോക്കിൽ ഇന്ന് നടത്തുന്ന ചർച്ചകൾക്കു ശേഷം മോദി നാളെ ദില്ലിയിൽ തിരിച്ചെത്തും.