കൊയിലാണ്ടി: കടലിൽ മത്സ്യബന്ധനത്തിനിടെ ബോട്ടില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് പരിക്കുപറ്റിയ മൂന്ന് മത്സ്യത്തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോസ്‌മെന്റ് വിംഗ് രക്ഷപ്പെടുത്തി. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും 29 നോട്ടിക്കൽ മൈൽ അകലെ ചൊവ്വാഴ്ചയാണ് സംഭവം.
കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ‘മേരിസാനിയ’ ബോട്ടിലെ കുളച്ചല്‍ സ്വദേശികളായ ജോസ് (37), കുമാര്‍ (47) ഷിബു (48) എന്നിവര്‍ക്കാണ് അപകടം പറ്റിയത്. മുഖത്തും നെഞ്ചിലും കൈകളിലും കാലിലും പരിക്കേറ്റ ഇവരെ പ്രാഥമിക ചികിത്സക്കായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്സ്‌മെന്റ് വിങ്ങ് ഫിഷറീസ് ഗാര്‍ഡ് ബിബിന്‍, റെസ്‌ക്യു ഗാര്‍ഡ് മിഥുന്‍, ഹമിലേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. കൊയിലാണ്ടിയിലുള്ള ഫിഷറീസ് വകുപ്പിന്റെ രക്ഷാബോട്ടിലാണ് രക്ഷപ്രവർത്തനം നടത്തിയത്.