മുണ്ടക്കൈ: വയനാട്ടിലെ ദുരന്ത ഭൂമിയിൽ സൈന്യം നിർമ്മിക്കുന്ന ബെയ്ലി പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായി. മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്ന് പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലാണ് താൽക്കാലിക പാലത്തിന്റെ (ബെയ്‌ലി പാലം) നിർമ്മാണം വൈകുന്നേരത്തോടെ പൂർത്തിയായത്.
പാലത്തിലൂടെയുള്ള സൈനീക വാഹനം കടത്തിവിട്ടുകൊണ്ടുള്ള ടെസ്റ്റ് റണ്ണും നടത്തി. 190 അടി നീളത്തിലാണ് പാലം നിർമ്മിച്ചത്. 24 ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികൾ എത്തിക്കാനാവും.
നീളം കൂടുതലായതിനാൽ പുഴയ്ക്ക് മധ്യത്തിൽ തൂൺ സ്ഥാപിച്ചാണ് പാലം നിർമ്മിച്ചിരുന്നത്. പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനം എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൽഹിയിൽ നിന്നും ബംഗ്ലൂരുവിൽ നിന്നുമാണ് പാലം നിർമ്മിക്കുന്നതിന് ആവശ്യമായ സാമഗ്രികൾ ചൂരൽമലയിൽ എത്തിച്ചത്.



