ടെൽ അവീവ്: ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഇന്ത്യാ സന്ദർശനം നീട്ടി വച്ചത് സുരക്ഷാ ആശങ്ക കൊണ്ടല്ലെന്ന് ഇസ്രയേൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിലുള്ള സുരക്ഷയിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് ഇസ്രയേൽ പ്രതികരിച്ചു. പുതിയ സന്ദർശന തീയതി തീരുമാനിക്കാൻ ചർച്ചകൾ നടക്കുകയാണെന്ന് നെതന്യാഹുവിന്‍റെ ഓഫീസ് പറഞ്ഞു. ചെങ്കോട്ട സ്ഫോടനത്തെ തുടർന്നുള്ള സുരക്ഷാ ആശങ്ക കാരണം നെതന്യാഹു ഇന്ത്യയിലേക്ക് വരുന്നത് മാറ്റിവച്ചു എന്ന തരത്തിൽ പ്രചരിച്ച റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു ഇസ്രയേൽ.
“ഇസ്രയേൽ – ഇന്ത്യ ബന്ധവും ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ തമ്മിലുള്ള ബന്ധവും വളരെ ശക്തമാണ്. പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യയിലെ സുരക്ഷയിൽ പ്രധാനമന്ത്രിക്ക് പൂർണ്ണ വിശ്വാസമുണ്ട്. പുതിയ സന്ദർശന തിയ്യതി സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്”- എക്സിലെ പോസ്റ്റിൽ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചു.
ദില്ലി സ്ഫോടനത്തെ തുടന്നുള്ള സുരക്ഷാ ആശങ്ക കാരണം നെതന്യാഹു ഇന്ത്യാ സന്ദർശനം മാറ്റിവെച്ചതായി ഇസ്രയേലിലെ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ദില്ലി സ്ഫോടനത്തെ തുടർന്ന് നെതന്യാഹു ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു- “ഇന്ത്യയും ഇസ്രയേലും ശാശ്വത സത്യങ്ങളിൽ നിലകൊള്ളുന്ന പുരാതന നാഗരികതകളാണ്. ഭീകരത നമ്മുടെ നഗരങ്ങളെ ആക്രമിച്ചേക്കാം. പക്ഷേ അത് ഒരിക്കലും നമ്മുടെ ആത്മാവിനെ ഉലയ്ക്കില്ല. നമ്മുടെ രാഷ്ട്രങ്ങളുടെ വെളിച്ചം ശത്രുക്കളുടെ ഇരുട്ടിനെ മറികടക്കും,”എന്നാണ് നെതന്യാഹു പ്രതികരിച്ചത്



