കൊച്ചി: സംസ്ഥാനത്ത് ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി ബീക്കണ്‍ ലൈറ്റും, ഗവ. സെക്രട്ടറിമാരുള്‍പ്പെടെയുള്ളവർ അനധികൃത ബോർഡുകളും വാഹനങ്ങളില്‍ ഉപയോഗിക്കുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമ ലംഘനം നടന്നിട്ട് നടപടിയെടുക്കാത്തതെന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. വാഹനങ്ങളിലെ രൂപമാറ്റം സംബന്ധിച്ച വിഷയം പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിമർശനം. കഴിഞ്ഞ ദിവസം ഒരു ഐ.ജി ബീക്കണ്‍ ലൈറ്റിട്ടാണ് വീട്ടിലേക്ക് പോയത്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ടതാണ് ബീക്കണ്‍ ലൈറ്റെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.
ഗവണ്‍മെന്റ് സെക്രട്ടറിമാർ അടക്കമുള്ളവർ സർക്കാർ എന്നെഴുതിയ അനധികൃത ബോർഡുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരക്കാർക്ക് എന്ത് പ്രത്യേക പരിഗണനയാണ് ലഭിക്കുന്നതെന്ന് ചോദിച്ച കോടതി കേരളത്തില്‍ മാത്രമാണ് ഈ രീതിയെന്നും പറഞ്ഞു. കൂടാതെ കസ്റ്റംസ്, ഇൻകം ടാക്സ് ഉദ്യോഗസ്ഥരും അനധികൃതമായി ബോർഡ് ഉപയോഗിക്കുന്നു. മേയർമാരുടെ വാഹനങ്ങളില്‍ പോലും ഹോണ്‍ പുറത്താണ് വച്ചിരിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. പല വാഹനങ്ങളിലും ഫ്ലാഷ് ലൈറ്റുകളും ഉപയോഗിക്കുന്നതായും കോടതി കണ്ടെത്തി. സർക്കാർ ഉദ്യോഗസ്ഥർ തന്നെ നിയമലംഘനം നടത്തിയിട്ടും നടപടിയെടുക്കാത്തതെന്ത് കൊണ്ടാണെന്ന് കോടതി ചോദിച്ചു.



