ദില്ലി : ബിഹാർ ജെഹാനാബാദ് സിദ്ധനാഥ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 7 മരണം. 35 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. പ്രത്യേക പൂജ നടക്കുന്ന സമയമായിരുന്നു. പെട്ടന്ന് ക്ഷേത്രത്തിനുളളിൽ തിരക്ക് വർധിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു.
പരിക്കേറ്റവരെ ജെഹാനാബാദ, മഖ്ദുംപൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മഖ്ദുംപൂര്‍ ബ്ലോക്കിലെ വാനവര്‍ കുന്നിലാണ് സംഭവം. വിശുദ്ധ സാവന്‍ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ച പ്രമാണിച്ച് ഭക്തര്‍ കൂട്ടത്തോടെ ദര്‍ശനത്തിനെത്തിയതാണ് തിരക്ക് അനിയന്ത്രിതമാക്കിയത്.
സ്ഥിതി നിയന്ത്രണ വിധേയമായതായും, മരിച്ചവരെ തിരിച്ചറിയാന്‍ ശ്രമം നടത്തിവരികയാണെന്നും ജെഹാനാബാദ് ജില്ലാ കലക്ടര്‍ അലംകൃത പാണ്ഡെ അറിയിച്ചു.