താമ്പ: ഫ്‌ളോറിഡയില്‍ നാശം വിതച്ച് മില്‍ട്ടന്‍ ചുഴലിക്കാറ്റ് തീരം വിട്ടു. എന്നാല്‍ ചുഴലിക്കാറ്റുണ്ടാക്കിയ നാശനഷ്ടങ്ങള്‍ വളരെ വലുതാണ്. ഫ്‌ളോറിഡയിലെ ചില ഭാഗങ്ങളെ തകര്‍ത്ത മില്‍ട്ടന്‍ ചുഴലിക്കാറ്റ് തീവ്രത കുറഞ്ഞ് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് കടക്കുകയായിരുന്നു. 3.3 മില്യണ്‍ ആളുകളാണ് ഇരുട്ടിലായിരിക്കുന്നത്. വ്യാപകമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ചുഴലിക്കാറ്റില്‍ ആറ് മരണങ്ങളാണ് രേഖപ്പെടുത്തിയത്.
ഫ്‌ളോറിഡയിലെ നാശനഷ്ടങ്ങള്‍ വളരെ വലുതാണ്. ജലനിരപ്പ് ദിവസങ്ങളോളം ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇത് ഏറ്റവും മോശം സാഹചര്യമല്ലെന്ന് ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് പറഞ്ഞു. താമ്പയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ രേഖപ്പെടുത്തിയിട്ടുണ്ട്. സരസോറ്റ കൗണ്ടിയിലാണ് ഏറ്റവും നാശനഷ്ടമുണ്ടായത്. അതേസമയം നാശനഷ്ടങ്ങളുടെ കണക്കെടുത്ത് വരുന്നതേയുള്ളൂവെന്നും, സമയമെടുക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സൗത്ത് കരോലിന് തീരത്ത് അടക്കം ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടായിരുന്നു. ജനങ്ങളോട് വീടുകളില്‍ തന്നെ ഇരിക്കാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്
വൈദ്യുതി കമ്പികള്‍ അടക്കം പൊട്ടിക്കിടക്കുന്നതിനാല്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം. റോഡുകളില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ് പലയിടത്തും. പാലങ്ങളിലൂടെ യാത്രകളും തടസ്സപ്പെട്ടിരിക്കുകയാണ്. വെള്ളപ്പൊക്കവും ഇതേ തുടര്‍ന്ന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതേസമയം ചുഴലിക്കാറ്റില്‍ മരിച്ചവരെല്ലാം സെന്റ് ലൂസിയില്‍ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം മരണങ്ങളൊന്നും സ്ഥിരീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. ആഘാതത്തെ കുറിച്ചുള്ള ഇന്‍ഷുറന്‍സ് വിദഗ്ധരുടെ റിപ്പോര്‍ട്ടുകളെയും ഗവര്‍ണര്‍ തള്ളി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പലയിടത്തും മിന്നല്‍ പ്രളയത്തിനടക്കം സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. 11 മില്യണ്‍ ആളുകള്‍ ഇതില്‍ ബാധിക്കപ്പെടും. ആയിരം കോസ്റ്റ് ഗാര്‍ഡ് അംഗങ്ങള്‍ അടക്കമുള്ളവരെ പ്രസിഡന്റ്് ജോ ബൈഡന്‍ ദുരിതബാധിത മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.



