Tuesday, July 8, 2025
No menu items!
Homeവാർത്തകൾഫ്രഷ് അപ്പ് ഹോംസ്: ഗ്രാമീണ ടൂറിസം മേഖലയിൽ പുതിയ സ്ത്രീ സൗഹൃദ പദ്ധതിയുമായി കേരളം;സ്ത്രീകൾ നടത്തുന്ന...

ഫ്രഷ് അപ്പ് ഹോംസ്: ഗ്രാമീണ ടൂറിസം മേഖലയിൽ പുതിയ സ്ത്രീ സൗഹൃദ പദ്ധതിയുമായി കേരളം;സ്ത്രീകൾ നടത്തുന്ന 100 യൂണിറ്റുകൾക്ക് സാമ്പത്തിക സഹായം

ഗ്രാമീണമേഖലയിലേക്കും, ഉൾനാടൻ പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ വിശ്രമ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ‘ഫ്രഷ്-അപ്പ് ഹോംസ്’ എന്ന പുതിയ സംരഭത്തിന് തുടക്കമിടുന്നു. ഇതിലൂടെ സ്ത്രീ സൗഹൃദ ടൂറിസത്തിൽ പുതിയൊരു ചുവട് വെയ്പ്പാണ് നടത്തുന്നത്. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി (kerala responsible tourism mission society,കെആർടിഎം) യാണ് ഈ സംരംഭം നടപ്പാക്കുന്നത്. സ്ത്രീകൾ നടത്തുന്ന 100 ഫ്രഷ് അപ്പ് ഹോമുകൾക്ക് സാമ്പത്തിക സഹായം നൽകും. സ്ത്രീ ശാക്തീകരണത്തോടൊപ്പം സംസ്ഥാനത്തെ വളർന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിർണായക അടിസ്ഥാന സൗകര്യ പരിമിതികൾ പരിഹരിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രത്യേകിച്ച് വളർന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരിച്ചറിഞ്ഞിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പരിമിതികളിൽ ഒന്നായ മതിയായ ശുചിത്വ സൗകര്യങ്ങളുടെ അഭാവം പരിഹരിക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ ഫ്രഷ്-അപ്പ് ഹോമിലും ശുചിമുറി, കുളിമുറി, ശുദ്ധജലം, വായുസഞ്ചാരവും വെളിച്ചവുമുള്ള വിശ്രമസ്ഥലം, സാനിറ്ററി പാഡ് ഇൻസിനറേറ്റർ എന്നിവയുൾപ്പെടെയുള്ള അവശ്യ സൗകര്യങ്ങൾ ഉണ്ടായിരിക്കും യാത്രയിൽ സ്ത്രീകൾക്ക് സുരക്ഷിതവും ശുചിത്വവുമുള്ള വിശ്രമകേന്ദ്രം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം.

കെ ആർ ടി എമ്മിൽ രജിസ്റ്റർ ചെയ്ത വനിതാ സംരംഭകർക്ക് യൂണിറ്റിന് 25000 രൂപ സാമ്പത്തിക സഹായം ലഭിക്കുമെന്ന് ടൂറിസം വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു

സബ്‌സിഡി രണ്ട് ഗഡുക്കളായി വിതരണം ചെയ്യും – 12000 രൂപ മുൻകൂർ ആയും 13000 രൂപ സൗകര്യം പൂർത്തിയായ ശേഷവും.

“സംരംഭകയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ഭൂമിയിലോ നിലവിലുള്ള വീടുകളുമായി ബന്ധിപ്പിച്ചോ ഫ്രഷ് അപ്പ് ഹോംസ് സ്ഥാപിക്കാവുന്നതാണ്, ഇത് ലളിതമായതും കുറഞ്ഞ നിക്ഷേപമുള്ളതുമായ ബിസിനസ് മാതൃകയാണ്.സ്ത്രീ സൗഹൃദപരവും സുസ്ഥിരവുമായ വിനോദസഞ്ചാരത്തിന് മാതൃകാപരമായ സംസ്ഥാനമായി മാറുക എന്ന സംസ്ഥാനത്തിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ സംരംഭം. ഇത് അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയെ പരിഹരിക്കുക മാത്രമല്ല, ടൂറിസം സമ്പദ്‌വ്യവസ്ഥയിൽ സജീവ പങ്കാളികളാകാൻ സ്ത്രീകളെ പ്രാപ്തരാക്കുകയും ചെയ്യുന്നു, ”ഉദ്യോഗസ്ഥൻ പറഞ്ഞു.

ടൂറിസം വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന നിലവിലുള്ള ഹോംസ്റ്റേകൾ, ഫാം സ്റ്റേകൾ, അഗ്രി-ടൂറിസം യൂണിറ്റുകൾ, പാരമ്പര്യ പാചക യൂണിറ്റുകൾ എന്നിവയ്ക്ക് മുൻഗണന നൽകുക എന്നതാണ് പദ്ധതി. തെരഞ്ഞെടുത്ത യൂണിറ്റുകൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തും.

പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളും സൗകര്യങ്ങളും

* വിനോദസഞ്ചാര കേന്ദ്രങ്ങളിലും ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയിലും സ്ത്രീ യാത്രക്കാർക്ക് ശുചിത്വവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കുക.

* ഹോംസ്റ്റേ, ഫാം ടൂറിസം, പാരമ്പര്യ പാചക യൂണിറ്റുകൾ എന്നിവ കോർത്തിണക്കി പങ്കാളിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുക.

*ഓരോ ഫ്രഷ് അപ്പ് ഹോംസ് യൂണിറ്റിലും കുറഞ്ഞത് ഒരു ടോയ്‌ലറ്റും ഒരു കുളിമുറിയും ഉണ്ടായിരിക്കും.

ഫ്രഷ്-അപ്പ് ഹോമുകളെ പ്രാദേശിക ടൂറിസം പാക്കേജുകളുമായി ബന്ധിപ്പിക്കുന്നതിലൂടെ, സമഗ്ര വികസനം പ്രോത്സാഹിപ്പിക്കാനും കൂടുതൽ സ്ത്രീകൾ സുരക്ഷിതത്വത്തോടെയും ഭയമില്ലാതെയും ചെലവ് കുറഞ്ഞതും വാണിജ്യവൽക്കരിക്കപ്പെടാത്തതുമായ സ്ഥലങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. കമ്മ്യൂണിറ്റി അധിഷ്ഠിത അടിസ്ഥാന സൗകര്യങ്ങളിലൂടെ ടൂറിസ്റ്റ് വ്യവസായത്തിലെ സ്ത്രീ പങ്കാളിത്തം എങ്ങനെ ഉയർത്തുമെന്ന് തെളിയിക്കുന്നതിനുള്ള മാതൃകാ സംരംഭമാണിത്,” ഉദ്യോഗസ്ഥൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments