പാരീസ്: ഫ്രഞ്ച് പാർലമെന്റ് തെരഞ്ഞെടുപ്പിൽ കരുത്തു തെളിയിച്ച് ഇടതുസഖ്യം. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ മുന്നിട്ടുനിന്ന തീവ്രവലതുപക്ഷമായ നാഷണൽ റാലി(ആർ.എൻ)യെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇടതുസഖ്യമായ ന്യൂപോപ്പുലർഫ്രണ്ടി(എൻ.പി.എഫ്)ന്റെ മുന്നേറ്റം. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ റിസൻസ് പാർട്ടിയാണ് രണ്ടാമത്.അതേസമയം, ദേശീയ അസംബ്ലിയിൽ ആർക്കും കേവലഭൂരിപക്ഷമില്ലാത്തതിനാൽ ഇക്കുറി തൂക്കുമന്ത്രിസഭക്കാണ് സാധ്യത. 577 അംഗ ദേശീയ അസംബ്ലിയിൽ 289 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. ഇടതു സഖ്യം 182 സീറ്റുകൾ നേടിയപ്പോൾ റിലൈസൻസ്പാർട്ടി 163 സീറ്റുകൾ നേടി. നാഷണൽ റാലി പാർട്ടി 143 സീറ്റിൽ ഒതുങ്ങി. മറ്റ് വലതുപക്ഷ പാർട്ടികളിൽപ്പെട്ട 68 പേർ ജയിച്ചുകയറിയിട്ടുണ്ട്. ഇവരുടെപിന്തുണ ലഭിച്ചാലും റിസൻസ് പാർട്ടിക്ക്കേവലഭൂരിപക്ഷം തികയ്ക്കാനാകില്ല. ഇടത് അനുഭാവികളായ 11 പേർക്കൊപ്പം 10 മറ്റുള്ളവരും ദേശീയ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ പ്രധാനമന്ത്രി ഗബ്രിയേൽ അറ്റൽ രാജി സമർപ്പിച്ചെങ്കിലും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്വീകരിച്ചില്ല. സ്ഥിരത ഉറപ്പാക്കാൻ സ്ഥാനത്തു തുടരണമെന്നായിരുന്നു മാക്രോണിന്റെ നിർദേശം. പാർലമെന്റ്പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരത്തേയാക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാകോൺ പ്രഖ്യാപിച്ചതിനു ശേഷമാണ്സോഷ്യലിസ്റ്റ് പാർട്ടികളും, ഗ്രീൻ പാർട്ടി, കമ്യൂണിസ്റ്റ് പാർട്ടി തുടങ്ങിയവർ ചേർന്ന് ന്യൂ പോപ്പുലർ ഫ്രണ്ട് രൂപീകരിച്ചത്. ജൂൺ 30-നു നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 33.15 ശതമാനം വോട്ട് നേടി നാഷണൽ റാലി മുന്നിലെത്തിയിരുന്നു. ഇതേ നേട്ടം രണ്ടാംഘട്ട വോട്ടെടുപ്പിലും ആവർത്തിക്കുമെന്ന അഭിപ്രായസർവേകളെ നിഷ്പ്രഭമാക്കിയാണ് ഇടതുസഖ്യത്തിന്റെ മുന്നേറ്റം.