പാരിസ്: ഇടക്ക് ഭീഷണിയുയർത്തിയ എതിരാളിയുടെ വെല്ലുവിളി വിജയകരമായി അതീജിവിച്ച് കാർലോസ് അൽകാരസ് ഫ്രഞ്ച് ഓപൺ ടെന്നിസ് മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. സീഡ് ചെയ്യപ്പെടാത്ത ഹംഗേറിയൻ താരം ഫാബിയാൻ മരോസാനിനെയാണ് നിലവിലെ ചാമ്പ്യൻ രണ്ടാം റൗണ്ടിൽ തോൽപിച്ചത്. ആദ്യ സെറ്റ് അനായാസം ജയിച്ച സ്പെയിൻകാരൻ അൽകാരസിനെ രണ്ടാം സെറ്റിൽ മരോസാനി മറിച്ചിട്ടു. അടുത്ത രണ്ടും നേടി അൽകാരസ് വിജയം സ്വന്തമാക്കുകയായിരുന്നു. ഇറ്റലിയുടെ ലോറെൻസോ മുസേറ്റി 6-4, 6-0, 6-4ന് കൊളംബിയയുടെ ഡാനിയൽ ഗാലനെ തോൽപിച്ച് മുന്നേറിയപ്പോൾ നോർവേയുടെ കാസ്പർ റൂഡ് 2-6, 6-4, 6-1, 6-0ന് പോർചുഗലിന്റെ നൂനോ ബോർജസിനോട് ദയനീയമായി തോറ്റ് രണ്ടാം റൗണ്ടിൽ മടങ്ങി. വനിത സിംഗ്ൾസിൽ കഴിഞ്ഞ വർഷത്തെ റണ്ണറപ് ജാസ്മിൻ പാവോലിനിയും ഒളിമ്പിക് ചാമ്പ്യൻ ഷെങ് ക്വിൻവെനും മൂന്നാം റൗണ്ടിൽ കടന്നു. ആസ്ട്രേലിയയുടെ അജ്ല ടോംജാനോവിചിനെ 6-3, 6-3നാണ് ഇറ്റലിക്കാരി ജാസ്മിൻ വീഴ്ത്തിയത്. ചൈനീസ് താരമായ ഷെങ് 6-2, 6-3ന് കൊളംബിയയുടെ എമിലിയാന അരംഗോയെയും മറികടന്നു.



